Sat. Apr 20th, 2024
ജനീവ:

മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്ഡേറ്റ് ആയ ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.

കൊവിഡ് രോഗബാധ വീണ്ടും വർദ്ധിക്കുന്നത് രാജ്യത്തെ വിവിധ വേരിയൻ്റുകളെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉണർത്തുന്നുണ്ട്. വൈറസ് ബാധ വർദ്ധിക്കാൻ പല കാരണങ്ങളുണ്ട്. വിവിധ മത, രാഷ്ട്രീയ പരിപാടികൾ ഈ കാരണങ്ങളിൽ പെട്ടതാണ്.

സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഇടപഴകിയതും ആരോഗ്യ സംവിധാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിക്കാതെ പോയതും ഇവയിൽ പെടുന്നു എന്നും ഈ അപ്ഡേറ്റിൽ സൂചിപ്പിക്കുന്നു. കൊവിഡിന്റെ ഇന്ത്യൻ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു.

ആദ്യമായി കണ്ടെത്തിയ ബി1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കൺസേൺ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യൻ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.

എന്നാൽ, ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ‘ഇന്ത്യൻ വേരിയന്റ്’ എന്ന വൈറസ് വിഭാഗമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബി 1.617 എന്ന വകഭേദത്തിന് കൊറോണ വൈറസ് ഇന്ത്യൻ വകഭേദമെന്ന് ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്.

എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യൻ വേരിയെന്റ് എന്ന് ഒരിടത്തും പറയുന്നില്ലെന്നും ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അപകീർത്തിപെടുത്തുക എന്ന ഉദ്ദേശമാണ് ഇന്ത്യൻ വകഭേദം എന്ന പ്രയോഗത്തിന് പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വാദം.

By Divya