Thu. Apr 25th, 2024

ന്യൂഡല്‍ഹി:

കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ രാജ്യത്ത്​ തൊഴിലില്ലായ്​മയും രുക്ഷമാകുന്നു.പല സംസ്ഥാനങ്ങളും കൊവിഡിനെ തുടർന്ന്​ പ്രാദേശിക ലോക്​ഡൗണുകൾ പ്രഖ്യാപിച്ചതാണ്​ സ്ഥിതി രൂക്ഷമാക്കിയത്​.

പ്രാദേശിക ലോക്​ഡൗണുകളെ തുടർന്ന്​ 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്​ടമായെന്നാണ്​ കണക്കാക്കുന്നത്​. തൊഴിലില്ലായ്​മ നിരക്ക്​ നാല്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തിയിരിക്കുന്നത്.

മെയ്​ മാസത്തിനുള്ളിൽ കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന്​ സാമ്പത്തിക വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു. മുംബെെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് പഠനം നടത്തുന്ന സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ)  എന്ന സ്ഥാപനത്തിലെ  വിദഗ്ധരാണ് തൊഴിലില്ലായ്മയെ കുറിച്ച് പഠനം നടത്തിയത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയാല്‍ വരും മാസങ്ങളിലും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുമെന്ന് സിഎംഐഇ  എംഡി മഹേഷ് വ്യാസ് പറഞ്ഞു.

നിലവിൽ എട്ട്​ ശതമാനമാണ്​ ഇന്ത്യയിലെ തൊഴിലില്ലായ്​മ നിരക്ക്​. മാർച്ചിൽ ഇത്​ 6.5 ശതമാനം മാത്രമായിരുന്നു.  നഗരപ്രദേശങ്ങളിൽ 9.78 ശതമാനവും ഗ്രാമീണമേഖലയിൽ 7.13 ശതമാനവുമാണ്​ തൊഴിലില്ലായ്​മ നിരക്ക്​. അസംഘടിത മേഖലയെയാണ്​ കോവിഡ്​ കൂടുതലായി ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. ഈ മേഖലയിലാണ്​ കൂടുതൽ തൊഴിൽ നഷ്​ടമുണ്ടായിരിക്കുന്നത്​. എന്നാല്‍, വൈറ്റ് കോളർ ജോലികളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടുന്നു.

https://www.youtube.com/watch?v=HLoaKZQ45hY

By Binsha Das

Digital Journalist at Woke Malayalam