Fri. Apr 26th, 2024
തിരുവനന്തപുരം:

സംസ്ഥാന മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ നാളെ തുടങ്ങും. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 22–ആം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

കൊവിഡ് വ്യാപനം മൂലം പാര്‍ട്ടി കമ്മിറ്റികള്‍ ചേരാനാകാത്തതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎമ്മിന്‍റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാനസമിതിയും സിപിഐയുടെത് സംസ്ഥാന കൗണ്‍സിലുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ എട്ട് ക്ഷണിതാക്കളുള്‍പ്പടെ 97 അംഗങ്ങളുണ്ട്. സിപിഐ കൗണ്‍സിലിലും എണ്‍പതിലേറെ പേരുണ്ട്. ഇത്രയും പേര്‍ക്ക് ഒരുമിച്ച് കൂടുവാന്‍ നിലവില്‍ സാധിക്കില്ല.

സത്യപ്രതിജ്ഞയ്ക്കും തടസങ്ങളുണ്ട്. 140 എംഎല്‍എമാരും വിശിഷ്ടവ്യക്തികളുമുള്‍പ്പടെ ചുരുങ്ങിയത് 200 പേരെയെങ്കിലും ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടിവരും. സാംസ്കാരിക, രാഷ്ട്രീയപരിപാടികള്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ ഇത്രയും പേര്‍ പങ്കെടുക്കുന്ന ചടങ്ങ് നടത്താന്‍ സാധിക്കില്ല.

അതിനാല്‍ സത്യപ്രതിജ്ഞാചടങ്ങും കടുത്ത നിയന്ത്രണങ്ങളോടെ നടത്തേണ്ടിവരും. പതിനാറാം തീയതിവരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്നാണ് പ്രതീക്ഷ. അതിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചയും വകുപ്പുവിഭജനവും പൂര്‍ത്തിയാക്കും.

നാളെ മുതലുള്ള അഞ്ചുദിവസം കൊണ്ട് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാകും. സിപിഎം സിപിഐ ചര്‍ച്ചയില്‍ പുതിയ ഘടകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട വകുപ്പുകളില്‍ തീരുമാനമെടുക്കും. അതിനുശേഷം സിപിഐ കൗണ്‍സില്‍ ചേരും. 17ന് ഇടതുമുന്നണിയോഗവും. 18നാണ് സിപിഎം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്.

By Divya