Wed. Apr 24th, 2024
ന്യൂഡൽഹി:

ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. കേന്ദ്രസർക്കാർ ദന്തഗോപുരത്തിൽ കഴിയുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒട്ടകപക്ഷിയെ പോലെ തലയൊളിപ്പിച്ച് നില്‍ക്കുകയാണ് കേന്ദ്രമെന്നും കോടതി വിമര്‍ശിച്ചു.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,02,82,833 ഉം മരണം 222408 ഉം ആയി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് മുന്‍പിലുള്ള അമേരിക്കയേക്കാള്‍ വളരെ വേഗത്തിലാണ് രണ്ടാം തരംഗത്തിലെ വ്യാപനം. ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 357229 പേർക്കാണ്. 3449 പേർ കൊവിഡിന് കീഴടങ്ങി.

മാസങ്ങളായി ആശങ്കയുടെ കേന്ദ്രമായിരുന്ന മഹരാഷ്ട്രയിൽ കേസുകൾ കുറയുന്നത് ആശ്വാസമാകുന്നു. രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതലാണ് മഹാരാഷ്ട്രയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിൽ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ ഇന്ന് ബീഹാറും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

By Divya