Mon. Dec 23rd, 2024
kid beaten by friends

കൊല്ലം:

കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ സമാന സംഭവം കൊല്ലത്തും നടന്നു.

കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനെയും ഒമ്പതാം ക്ലാസുകാരനെയുമാണ് കൂട്ടുകാർ ക്രൂരമായി മർദിച്ചത്. കരിങ്കൽ ഉപയോഗിച്ച് മർദിച്ചതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി.

കരിക്കോട് പേരൂർ കൽക്കുളത്ത് വെച്ചാണ് കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചത്. ഈ മാസം 24നായിരുന്നു സംഭവം. കളിയാക്കിയത് ചോദ്യംചെയ്തതിന് ആക്രമിച്ചെന്നാണ് മർദനത്തിനിരയായ കുട്ടികളിലൊരാളുടെ വെളിപ്പെടുത്തൽ. കളിക്കുന്നതിനിടെ തന്റെ അമ്മയെ ചേര്‍ത്ത് കൊണ്ട് തെറി പറഞ്ഞത് കുട്ടി ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

വയലിലിട്ട് കുട്ടികളെ ചവിട്ടുന്നതും ദേഹത്ത് കയറിയിരുന്ന് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബെൽറ്റ് ഉപയോഗിച്ചും കരിങ്കൽ കഷണം കൊണ്ടും മർദിച്ചു. ആക്രമണത്തിൽ ഒരു കുട്ടിയുടെ വയറിലും നെഞ്ചിലും കണ്ണിന് മുകളിലും പരിക്കേറ്റിട്ടുണ്ട്. മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ കാല് തല്ലയൊടിക്കുമെന്ന് ഭീഷണിപ്പെടു്തതിയതിനാല്‍ രക്ഷിതാക്കളോട് പോലും കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.

https://www.youtube.com/watch?v=OCCZpbvNvCk

By Binsha Das

Digital Journalist at Woke Malayalam