ന്യൂഡൽഹി:
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഐടിഒയിൽ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളിൽ തട്ടി നീലനിറത്തിലുളള ഒരു ട്രാക്ടർ മറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഗാസിപുരിൽനിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടതാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു.