Fri. Nov 22nd, 2024

തിരുവനന്തപുരം:

കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്‍റെ നിരപരാധിത്വം വ്യക്തമാക്കിയിരിക്കുകയാണ്. കള്ളക്കേസ് ആണെന്നും സത്യം പുറത്തുവരണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് അമ്മ ഉന്നയിച്ചത്. കേസ് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. മൊഴി എടുക്കാന്‍ വിളിപ്പിച്ചതാണ്. പക്ഷേ അറസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞു. കള്ളക്കേസ് ആണെന്ന് കരഞ്ഞ് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലയെന്നും അമ്മ പറയുന്നു.

മകനെ കൊണ്ട് പറയിച്ചതാണെന്നും, അല്ലാതെ ഒരിക്കലും തന്‍റെ മകന്‍ അങ്ങനെ പറയില്ലെന്നും അമ്മ വ്യക്തമാക്കി. മകനെ നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. 2019ല്‍ ഭര്‍ത്താവിനെതിരെ  പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. തനിക്ക് മകനെ വേണമെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നും അമ്മ കരഞ്ഞ് പറഞ്ഞു.

13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ടാണ് ഇവർ ജയിലിലായത്. മകൻറെ പരാതിയിൽ അറസ്റ്റു ചെയ്യപ്പെട്ട അമ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിയായ അമ്മ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.

ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. സാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചു. മാതൃത്വത്തിന്‍റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.

https://www.youtube.com/watch?v=cre_csIXIqc

 

By Binsha Das

Digital Journalist at Woke Malayalam