Sun. Dec 22nd, 2024
ന്യൂദൽഹി:

ഹാത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം.
”എന്തുകൊണ്ടാണ് കോടതി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫറൂഖിയ്ക്കും മാത്രം ജാമ്യം നിഷേധിക്കുന്നത്. സമത്വമെന്നാൽ തുല്യ നീതി ലഭിക്കലും, നിയമപരമായ നിബന്ധനകൾ ഒരേ പോലെ ബാധകമാവുന്നതുമാണ്,” പി ചിദംബരം പറഞ്ഞു.

നേരത്തെ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന് കീഴിലുള്ള ഭരണഘടനാ ബെഞ്ചും, ജസ്റ്റിസ് ചന്ദ്രചൂഢന് കീഴിലുള്ള മറ്റൊരു ബെഞ്ചും മുന്നോട്ടുവെച്ച “ജാമ്യമാണ് നിയമം, ജയിൽ ആക്ഷേപമാണെന്നുള്ള” തത്വം എല്ലാ കേസുകളുടെ കാര്യത്തിലും എന്തുകൊണ്ടാണ് ബാധകമാവാത്തത് എന്ന് ചിദംബരം ചോദിച്ചിരുന്നു.
ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദിഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു എ പി എയും ചുമത്തിയിരുന്നു.

By Divya