Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സീനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സീന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് വാക്‌സീന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

By Divya