Mon. Dec 23rd, 2024
കേരളത്തിൽ പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി
ആലപ്പുഴ

കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി എന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇതിനെക്കുറിച്ചു പഠിക്കാൻ കേന്ദ്ര സംഘം നാളെ എത്തും. 10 ദിവസത്തേക്ക് ജാ​ഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.

കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കൊന്ന പക്ഷികൾക്കും നേരത്തേ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നൽകും. പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി നിർമാർജനം ചെയ്യുന്ന രണ്ട് മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപ, രണ്ട് മാസത്തിൽ കൂടുതൽ പ്രായമുള്ളതിന് 200 രൂപ, നശിപ്പിക്കുന്ന ഒരോ മുട്ടയ്ക്ക് അഞ്ച് രൂപ എന്നിങ്ങനെയാണ് സഹായം.

ആലപ്പുഴയിൽ മാത്രം ഇതുവരെ 37,654 പക്ഷികളെയാണ് കൊന്നത്. 23,857 പക്ഷികൾ നേരത്തേ രോഗം വന്നു ചത്തു. കോട്ടയം ജില്ലയിൽ 7,229 പക്ഷികളെയും കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ അവസാനിക്കും. എന്നാൽ സഹായം അപര്യാപ്തം എന്ന നിലപാടിലാണ് കർഷകർ. 2014 ൽ രോഗം സ്ഥിതികരിച്ചപോളുള്ള സാമ്പത്തിക സഹായമാണ് ഇത്തവണയും നൽകുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.