Fri. Apr 26th, 2024
ദില്ലി

എല്ലാ ജില്ലാകേന്ദ്രത്തിലും മറ്റന്നാൾ വീണ്ടും വാക്‌സിൻ ഡ്രൈ റൺ. വാക്‌സിൻ വിതരണത്തിന്റെ രാജ്യവ്യാപകമായ റിഹേഴ്സൽ ആയിരിക്കും ഇത്. വാക്‌സിൻ വിതരണം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്‍റെ നേതൃത്വത്തിൽ നാളെ ദില്ലിയിൽ ഉന്നതതലയോഗം ചേരും.കോവിഡിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും. എന്‍.സി.ഡി.സി ഡയറക്ടർ, ഡോക്ടർ എസ് കെ സിങിന്റെ നേതൃത്വത്തിലുളള സംഘമാണ് കേരളത്തിൽ എത്തുക.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ, ഇതിലെന്തെങ്കിലും പിഴവുകളുണ്ടോ, കേന്ദ്രസർക്കാരിന്‍റെ കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടോ ഇതെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലാണ് രോഗം വര്‍ദ്ധിക്കുന്നത്. രോഗവ്യാപനത്തിനൊപ്പം മരണ നിരക്കും ഉയരുന്നതും അതിതീവ്ര കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 906 പേര്‍ 60 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്നും ആശങ്ക പടർത്തുന്നു. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ആരോഗ്യവകുപ്പ് കൂടുതൽ പഠനം നടത്തും. 18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുവാൻ ഉദ്ദേശിക്കുന്നത്. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായം അടിസ്ഥാനമാക്കിയുള്ള കണക്കും റിപ്പോര്‍ട്ടിൽ ഉണ്ട്.

വെള്ളിയാഴ്ച നടക്കാൻ പോകുന്നത് രണ്ടാം ഡ്രൈ ഡ്രൈ റൺ ആയിരിക്കും. രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി 2-ന് നേരത്തേ ഡ്രൈറൺ നടത്തിയത്. ഇതിന്റെ ഫലങ്ങൾ കൂടെ വിലയിരുത്തയാകും വാക്‌സിൻ വിതരണത്തിന്റെ നടപടിക്രമങ്ങൾ സ്വീകരിക്കുക എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വാക്‌സിൻ വിതരണം ജനുവരി 13 ന് തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിന് മുന്നോടിയായിയാണ് വീണ്ടും ഒരു ഡ്രൈ റൺ കേന്ദ്രം തിരുമാനിക്കുന്നത്.