കാസര്‍കോഡ്:
കാസര്‍കോഡ് പാണത്തൂര്‍ പരിയാരത്ത് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയ ഒരാള്‍കൂടി മരിച്ചു. ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
കര്‍ണാടക സുള്ള്യ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ച ശേഷമാണ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞതെന്ന് പരിക്കേറ്റ ഈശ്വര നായ്ക്ക് പറഞ്ഞു. സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി വന്നവരാണ് അപകടത്തിൽ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.വീട്ടില്‍ ആ സമയം ആരും ഉണ്ടായിരുന്നില്ല.
രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദർശ് (14), ശശി എന്നിവരാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ശശി മരിച്ചത്.
പരിക്കേറ്റ 34 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശെെലജ നിര്‍ദേശം നല്‍കി. കാസര്‍കോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും മതിയായ ചികിത്സ ഉറപ്പാക്കാനാണ് നിര്‍ദശം നല്‍കിയത്.
https://www.youtube.com/watch?v=6gRKDWbev7I
കാസര്‍കോഡ് പാണത്തൂര്‍ വാഹനപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഗതാഗത മന്ത്രി പറഞ്ഞു.
പാണത്തൂര്‍ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ്കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സബ് കളക്ടര്‍ മേഘശ്രീക്കാണ് അന്വേഷണ ചുമതല.