ഗാസിയാബാദ്:
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 പേർ മരിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. 20 പേരുടെ നില അതീവ ഗുരുതരസെൿട്. 38 പേരെ രക്ഷപ്പെടുത്തി.
നിരവധി പേര്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് ഇടയില്‍പ്പെട്ടാണ് 18 പേരും മരിച്ചത്.
ദയ റാം എന്നയാളുടെ സംസ്കാര ചടങ്ങിനിടെയായിരുന്നു അപകടം. 100 ഓളം പേര്‍ സംസ്കാര ചടങ്ങില്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങിനിടെ മഴ പെയ്തതോടെ ശ്മശാനത്തിനടുത്തുള്ള ഷെഡ്ഡില്‍ കയറി നില്‍ക്കുകയായിരുന്നു ഇവര്‍. ഈ ഷെഡ്ഡിന്‍റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.
https://www.youtube.com/watch?v=oFH6BNA7HYo
സംഭവത്തില്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.