Fri. Apr 19th, 2024
four hinduaikyavedi followers arrested for threatening bakery owner on halal sticker

 

കൊച്ചി:

ഹലാൽ വിഭവങ്ങൾ ലഭ്യമാകുമെന്ന പരസ്യം ബേക്കറിയിൽ പ്രദർശിപ്പിച്ചതിനെതിരെ ഭീഷണിയുമായി എത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജനറൽ സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മതസ്പ൪ധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ 28 ആ൦ തിയതിയാണ് സംഭവം.രണ്ടാഴ്ച മുൻപ് പ്രവർത്തനം തുടങ്ങിയ കുറുമശ്ശേരിയിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള മോഡി എന്ന് പേരുള്ള ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ കടയുടെ മുൻപിൽ ഒട്ടിച്ച് വെച്ചിരുന്നു. 

ബേക്കറിയിൽ പ്രവർത്തക൪ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം സ്റ്റിക്കർ നീക്കിയില്ലെങ്കിൽ പ്രശ്നം സങ്കീർണമാകുമെന്നും ബേക്കറി ബഹിഷ്‌കരിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കടയുടമ സ്റ്റിക്കർ മാറ്റിയെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയിൽപ്പെട്ട പോലീസ് ഇടപെട്ടു. തുടർന്ന് കടയുടമയിൽ നിന്ന് വിഷയത്തിന്മേൽ മൊഴിയെടുക്കുകയും ചെയ്തു.  

വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് കടയുടമ സ്റ്റിക്കർ നീക്കം ചെയ്തത്. സ്റ്റിക്കർ നീക്കിയില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും താക്കീത് നൽകിയിരുന്നു. അറസ്റ്റിലായ പ്രതികളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ പേ൪ക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam