Sun. Dec 22nd, 2024
EWS reservation implemented for getting votes from higher castes says Sunny Kapikad

 

കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്ന മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരായി കഴിഞ്ഞ ദിവസം ജനകീയ ജനാധിപത്യ മുന്നണി നിലവിൽ വന്നു. ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്രപ്രമേയമാക്കുന്ന ഒരു ജനാധിപത്യ മുന്നേറ്റം ലക്ഷ്യം വെച്ചാണ് തീരുമാനം.

മറ്റ് മുന്നണികളിൽ നിന്ന് ജനകീയ ജനാധിപത്യ മുന്നണി എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും, വരുന്ന തിരഞ്ഞെടുപ്പിനോടുള്ള സമീപനത്തെ കുറിച്ചും, മുന്നാക്ക സംവരണം ഉയർത്താവുന്ന വെല്ലുവിളികളെ കുറിച്ചും മുന്നണിക്ക് നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ സണ്ണി എം കപിക്കാട് വോക്ക് മലയാളം പ്രതിനിധി ആതിര ശ്രീകുമാറിനോട് സംസാരിക്കുന്നു.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടുള്ള ജനകീയ ജനാധിപത്യ മുന്നണിയുടെ സമീപനം എന്താണ്?

ജനകീയ ജനാധിപത്യ മുന്നണി അടിസ്ഥാനപരമായി തിരഞ്ഞെടുപ്പിനെ മാത്രം മുന്നിൽകണ്ട് രൂപീകരിച്ച ഒരു മുന്നണിയല്ല. മറിച്ച് കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കുമിടയിൽ ഒരു ജനാധിപത്യ മുന്നേറ്റം സാക്ഷ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന സംഘടനകളും രാഷ്ട്രീയ പാർട്ടികളും ജനകീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് കൂടിയാലോചിച്ച് എടുത്ത ഒരു തീരുമാനമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ സാധ്യമായ സ്ഥലങ്ങളിൽ മുന്നണി സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം തന്നെ മുന്നണിയോടൊപ്പം സഹകരിക്കുന്ന സംഘടനകളുടെ സ്ഥാനാർഥികളെയും ഉൾപ്പെടുത്തും. ജനകീയ ജനാധിപത്യ മുന്നണി പൂർണമായി രൂപംകൊണ്ടിട്ടില്ല, ഒരു പ്രാഥമിക പ്രഖ്യാപനം മാത്രമാണ് നടന്നിട്ടുള്ളത്. 

People Democratic Front Party Announcement
Pic (C): Asiavillenews; കെ അബുജാക്ഷന്‍, സണ്ണി എം കപിക്കാട്, കെ സുനില്‍കുമാര്‍

പീപ്പിൾസ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് എന്ന മുന്നണി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം ഒന്ന് വിശദീകരിക്കാമോ?

1956ൽ കേരളം രൂപംകൊണ്ടതിന് ശേഷം 1970കളോടെയാണ് മുന്നണി ഭരണം എന്ന സംവിധാനം ഉണ്ടാകുന്നത്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്ത്വത്തിലും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്ത്വത്തിലും രണ്ട് മുന്നണികളാണ് അന്ന് ഉണ്ടാകുന്നത്. ഈ മുന്നണികൾ മാറി മാറി ഭരിച്ച് കേരളം കടക്കെണിയിൽപ്പെടുകയും അതോടൊപ്പം തന്നെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഒരു ഭീഷണിയായും മാറിയിട്ടുണ്ട്. മറ്റൊരു കാര്യം, ഇക്കഴിഞ്ഞ 70 വർഷം കൊണ്ട് പുറന്തള്ളപ്പെട്ട ഒരു സമൂഹമുണ്ട് കേരളത്തിൽ. ഇതിൽ ആദിവാസികൾ, മത്സത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ചേരി നിവാസികൾ, തുടങ്ങി അധികാരികൾ ഒരു പരിഗണനയും കൊടുക്കാത്ത വലിയൊരു ജനാവലി ഉൾപ്പെടുന്നുണ്ട്. അവരുടേത് ഒരു സാമുദായിക പ്രശ്നം മാത്രമല്ല, രാഷ്ട്രീയ പ്രശ്നം കൂടിയാണ്. ഈ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയണമെങ്കിൽ ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്രപ്രമേയമാക്കുന്ന ഒരു ജനാധിപത്യ മുന്നേറ്റം കേരളത്തിൽ സംഭവിക്കേണ്ടതുണ്ട്.

ഇതുകൂടാതെ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നം വളരെ ഗുരുതരമായ ഒരു ഘട്ടത്തിലേക്ക് മാറിയിട്ടുണ്ട് എന്നുള്ളതാണ് സത്യം. എന്നാൽ ഈ പ്രശ്നത്തെ പരിഗണിക്കുകയോ അതിനായി നടപടി സ്വീകരിക്കുകയോ ഒന്നും തന്നെ ഈ സർക്കാരുകൾ ചെയ്തിട്ടില്ല. കേരളത്തിൽ നടക്കുന്ന വികസനം ജനങ്ങൾക്കോ പ്രകൃതിക്കോ അനുയോജ്യമായ ഒന്നല്ല. വിദേശ സാമ്പത്തിക ശക്തികൾ കേരളത്തിൽ വന്ന് ഇവിടുത്തെ ജനങ്ങളുടെയോ പരിസ്ഥിതിയുടെയോ താത്പര്യങ്ങളെ ഒരിക്കലും കണക്കിലെടുക്കുന്നില്ല എന്ന് മാത്രമല്ല പ്രകൃതി വിഭവങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെടുകയും അതിനുള്ള ഒത്താശകൾ സംസ്ഥാന സർക്കാർ ചെയ്തുകൊടുക്കുകയുമാണ്. ഇത് വളരെ വ്യാപകമായ കുടിയിറക്കത്തിന് കാരണമാകും, അതിന് സർക്കാർ ഒത്താശ ചെയ്ത് നൽകുകയാണ്. എന്നാൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം ഇവരുടെ അജണ്ടയിൽ പോലുമില്ല.

അദാനിയുമായി കേരള സർക്കാർ ഉണ്ടാക്കിയ കരാർ മാത്രം പരിശോധിച്ചാൽ നിയമബാഹ്യമായി എന്തെല്ലാം ഒത്താശകളാണ് സർക്കാർ ചെയ്തുകൊടുക്കുന്നതെന്ന് കാണാൻ കഴിയും. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട കരാറിലും ഇത് തന്നെയാണ് അവസ്ഥ. കേരളത്തിലെ ജനങ്ങൾക്ക് അറിയില്ല ഇവിടെ എന്ത് വികസനമാണ് നടക്കുന്നതെന്ന്. സാമ്പത്തിക ശക്തികളുമായി നമ്മുടെ സർക്കാർ എന്ത് കരാറാണ് ഉണ്ടാക്കുന്നത്, അതിലെ വ്യവസ്ഥകൾ എന്താണെന്നോ അറിയില്ല.

ഒട്ടും സുതാര്യമല്ലാത്ത ഭീകരമായി അഴിമതിയിൽ മുങ്ങിയ ഒരു സ്ഥലമായി കേരളം മാറിയിട്ടുണ്ട്. ഏറ്റവും അവസാനം വന്ന അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പ്രതിയായിരിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കേരളത്തിൽ അഴിമതി പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ ചുമതലയുള്ള ഉത്തരവാദിത്ത്വപ്പെട്ടയാൾ തന്നെ മുൻകൈയ്യ്‌ എടുത്ത് അഴമിതിക്ക് കൂട്ടുനിന്നു എന്ന ഗുരുതരമായ ഒരു ആരോപണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഭരണമണ്ഡലങ്ങളിലും മാഫിയ സംഘങ്ങൾക്ക് സ്വാധീനമുണ്ടെന്ന് കാണാൻ സാധിക്കും. ഇതിന് പകരമായി കോൺഗ്രസ് ഭരണത്തിൽ വന്നാലും ഒന്നും സംഭവിക്കാനില്ല. മറ്റ് മാഫിയ സംഘങ്ങൾ ഇവിടെ കയറിപ്പറ്റും എന്ന്മാത്രം. അതുകൊണ്ട് തന്നെ ഈ ഭരണ രീതി തന്നെ മാറി ജനാധിപത്യത്തോടും ഭരണഘടനയോടും ജനങ്ങളോടും കൂറുള്ള ഗവൺമെന്റ് ഉണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് കേരളം ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

കേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകയി ബിജെപി വരിച്ച നേട്ടം അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷെ ആ നേട്ടം ഇതിനേക്കാൾ വലിയ ദുരിതത്തിലേക്കായിരിക്കും നയിക്കുക എന്നുള്ളതാണ് യാഥാർഥ്യം. അതാണ് ജനാധിപത്യത്തെ മുൻനിർത്തി ജനങ്ങളുടെ ക്ഷേമത്തിനായി ഇത്തരത്തിലുള്ള ഒരു മുന്നണി രൂപീകരിക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണം.

മുന്നാക്ക സംവരണത്തെ എന്തുകൊണ്ടാണ് ഇത്രയധികം എതിർക്കുന്നത്?

എതിർക്കുന്നതല്ല, എന്തുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നാക്ക സംവരണത്തെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനാണ് പ്രസക്തി. എല്ലാ മുന്നണികളും ചേർന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നൽകാൻ തീരുമാനിക്കുന്നത്. ഈ നീക്കത്തെ ഐ.യു.എം.എൽ പോലുള്ള പാർട്ടികൾ മാത്രമാണ് എതിർത്തത്.

ഇത്രയും ഭീകരമായൊരു ദുരന്തം കേരളത്തിലെ മുന്നാക്കക്കാരിലെ ദരിദ്ര വിഭാഗങ്ങൾക്ക് ഉണ്ടെന്നതിന് എന്ത് തെളിവാണ് ഉള്ളത്. ഏതെങ്കിലും ദരിദ്ര നാരായണന്മാർ ചരിത്രത്തിൽ ഇന്നേവരെ പ്രക്ഷോഭം നടത്തിയിട്ടുണ്ടോ? ഇന്നേവരെ അവരുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ എത്തിയിട്ടുണ്ടോ?

ഇങ്ങനെയുള്ളപ്പോൾ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട എന്തോ ഒന്നുണ്ടെന്ന് പറയുന്നതിൽ പോലും നുണയുണ്ട്. ഇത് ശരിക്കും സംവരണത്തിലൂടെ കീഴ്തട്ട് ജനവിഭാഗങ്ങൾ അധികാരത്തിൽ വരുന്നതിനോടുള്ള സവർണ്ണ സമൂഹത്തിന്റെ ശത്രുതയാണ് ചൂണ്ടിക്കാട്ടുന്നത്.

103-ാം ഭരണഘടനാ നിയമപ്രകാരം സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോൾ ജനാധിപത്യ ഗവൺമെന്റ് പാലിക്കേണ്ട പ്രാഥമിക മര്യാദകൾ പോലും പാലിക്കാതെയാണ് ഇവിടെ സംവരണം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ സംവരണ നിയമത്തിൽ പറയുന്നത് പരമാവധി 10 ശതമാനം വരെ കൊടുക്കാമെന്നാണ്. പക്ഷെ അത് എത്രപേരുണ്ടെന്ന് കണക്കാക്കി, അവരുടെ ശതമാനം കണക്കിലെടുത്ത് നൽകണമെന്നാണ് പറയുന്നത്. മധ്യപ്രദേശിൽ എട്ട് ശതമാനം സംവരണമാണ് നടപ്പിലാക്കിയത്.

മുഖ്യമന്ത്രിയുടെ മുൻപിൽ യാതൊരു കണക്കുമില്ല. സംവരണ നിയമത്തിന്റെ മാനദണ്ഡങ്ങൾ ഇവർ പാലിക്കുന്നില്ല പകരം പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നു. ഉദാഹരണത്തിന് തിരുവനന്തപുരം, കൊച്ചി കോർപറേഷനിൽ നാൽപ്പത്തി ഒൻപതര സെന്റ് സ്ഥലവും നാല് ലക്ഷം രൂപ വരുമാനവുമുള്ള ഒരാൾ ദരിദ്രനാണെന്നാണ് പുതിയ മാനദണ്ഡം പറയുന്നത്. അതിലെന്ത് യുക്തിയാണുള്ളത്. ഇത് സവർണ സമുദായങ്ങളെ പ്രീണിപ്പിച്ച് അവരുടെ വോട്ട് നേടാനുള്ള കുത്സിത ശ്രമമാണ്.

ഒരു വലിയ ശതമാനമാണ് മെഡിക്കൽ സീറ്റുകളിൽ ഇപ്പോൾ സവർണ്ണർക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് ഇങ്ങനെ തുടർന്നാൽ എന്താണോ സംവരണം കൊണ്ട് ഉദ്ദേശിച്ചത് അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവർ വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

ഈ നിയമം പാർലമെന്റിൽ വരുമ്പോൾ രാഷ്ട്രീയമായി വലിയ വൈരുധ്യമുണ്ടെന്ന് പറയുന്ന മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും ബിജെപിയും ഒരുമിച്ച് അംഗീകരിക്കുന്നതാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. ഇതിനെ എതിർത്തത് കേരളത്തിൽ നിന്നുള്ള രണ്ട് ഐ.യു.എംഎൽ എംപിമാരും ഹൈദരാബാദിൽ നിന്നുള്ള അസദുദ്ദിൻ ഒവൈസിയും മാത്രമാണ്.

ഇത് ഭരണഘടനാ തത്വത്തിന് എതിരാണ്, ഈ നിയമം പാസാക്കരുതെന്നുമാണ് അവർ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായൊരു നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനുള്ള ധാർമികമായ അവകാശം അവർക്കുണ്ട്. ഐ.യു.എംഎൽ കേരളത്തിലെ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ്. സംവരണ വിഭാഗത്തിൽ പെട്ടവരായതിനാൽ ആ നിയമം അപകടപ്പെടുമ്പോൾ പ്രക്ഷോഭത്തിൽ അണിചേരാനുള്ള എല്ലാ അവകാശങ്ങളും അവർക്കുണ്ട്. അതിൽ വർഗീയ അജണ്ട കാണേണ്ടതില്ല.

മുസ്ലിം വിഭാഗം പ്രക്ഷോഭത്തിൽ ഉൾപ്പെട്ടപ്പോഴാണ് ഇത് വർഗീയവത്കരണമാണെന്ന് മാർക്സിസ്റ്റ് പാർട്ടിയും ആർഎസ്എസും ബിജെപിയും ഒരുമിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

സംവരണ സമുദായ മുന്നണി പറയുന്നത് പുതിയ സാമ്പത്തിക സംവരണം നടപ്പിലാക്കൽ നിർത്തിവെക്കണമെന്നുള്ളതാണ്. സുപ്രീംകോടതി വിധി വരും വരെയെങ്കിലും നിർത്തിവെക്കണമെന്നാണ് ആവശ്യം. അതിൽ എന്ത് വർഗീയതയാണ് ഉള്ളത്. വെള്ളാപ്പള്ളി നടേശനെ പോലുള്ള കക്ഷികൾ ഒരു ദിവസം എതിരല്ല എന്ന് പറയുക, രണ്ട് ദിവസം കഴിയുമ്പോ സാമ്പത്തിക സംവരണത്തെ എതിർക്കുന്ന കക്ഷികൾ ഉണ്ടെങ്കിൽ മുന്നണി വിട്ട് പുറത്ത് വരണമെന്ന് പറയുക.

ഇങ്ങനെ ഒരു സമീപനം സംവരണീയർക്കിടയിൽ തന്നെ ഉണ്ടാകുന്നുണ്ട്. അതിൽ മുസ്ലിം വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയാണ് ഈ മുന്നണികൾ വർഗീയത ചൂണ്ടിക്കാട്ടുന്നത്. സംവരണ സമുദായ മുന്നണി യോഗത്തിൽ എസ്എൻഡിപി ഒഴികെ ദളിതരും, പിന്നോക്കക്കാരും, ആദിവാസികളും, മുസ്ലിം, തുടങ്ങി എല്ലാ വിഭാഗിക്കാരും പങ്കെടുത്തിരുന്നു. അത് കണ്ട് ഭീതിപ്പെട്ടിട്ടാണ് ഇതൊരു വർഗീയ അജണ്ടയാണ് എന്ന് പറഞ്ഞുപരത്തുന്നത്.

എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട് എന്ന് അദ്ദേഹം പറയുമ്പോ അതിനെ തള്ളിക്കളയാൻ ആകുമോ?

എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ ഞങ്ങളുടെ ചോദ്യം പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണോ സംവരണം എന്നുള്ളതാണ്. അതിന് ഭരണഘടനാപരമായ ഒരു ഉത്തരം നൽകാൻ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിൽ അയിത്ത വിഭാഗത്തിൽ പെട്ടവർക്കുവേണ്ടിയാണ് സംവരണം രൂപീകരിക്കുന്നതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇതിൽ യാതൊരു പങ്കുമില്ല.

അതുകൊണ്ട് തന്നെ പാവപ്പെട്ടവർക്കായി വേറെ പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. ഇന്ത്യയിലെ നീതി ആയോഗിന്റെ കണക്ക് പരിശോധിച്ചാൽ 58% ദരിദ്രരുള്ളതായി കാണാം. ഈ 58 ശതമത്തിൽ ഉൾപ്പെടുന്ന പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും ഒഴിവാക്കിക്കൊണ്ട് ഇവരെന്ത് നേട്ടമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്? ഇവർ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.

കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്നവരാണ് മറ്റ് മുന്നണികൾ എന്ന് പാർട്ടി പ്രഖ്യാപനം നടത്തിയപ്പോൾ പറഞ്ഞിരുന്നല്ലോ. ജനകീയ ജനാധിപത്യ മുന്നണിക്ക് ഇതിനെതിരെ പോരാടാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടോ?

തീർച്ചയായും. അതൊരു രാഷ്ട്രീയ നിലപാടിന്റെ പ്രശ്‌നമാണ്. കേരളത്തിൽ മറ്റൊരു വികസനം സാധ്യമാകുമെന്നും കേരളത്തിലെ വിഭവങ്ങൾ മറ്റൊരു രൂപത്തിൽ വിതരണം ചെയ്യാൻ സാധ്യമാകും എന്ന് മനസിലാക്കി കേരളത്തെ സ്വാശ്രയം ആക്കാനുള്ള ആദ്യ പടി വെയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വൻകിട പദ്ധതികൾ ഒഴിവാക്കിക്കൊണ്ട് വൻകിട ഡാമുകൾ, അദാനി പോലുള്ള കമ്പനികൾക്ക് എഴുതികൊടുക്കുന്ന പദ്ധതികൾ ഇതൊക്കെ ഒഴിവാക്കിക്കൊണ്ട് ഒരു മുന്നണിക്ക് സാധ്യമായ കാര്യങ്ങൾ മാത്രമേ ഞങ്ങൾ പറയുന്നുള്ളു.

ഈ മുന്നണികൾ ഒന്നും തന്നെ കേരളത്തിന് മറ്റൊരു ഭാവന നൽകുന്നില്ല. കേരളം ഭരിക്കുന്ന മന്ത്രിമാർ സംവരണ വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അവരാണ് എല്ലാത്തിനും ഇടനിലക്കാരായി നിൽക്കുന്നത്. ഇപ്പോൾ സ്വർണ്ണക്കടത്ത് കേസ് ആണെങ്കിലും സോളാർ കേസിൽ ആണെങ്കിലും സവർണ്ണരായ സ്ത്രീകൾ മുഖ്യമന്ത്രിയുടെ ഓഫീസ് കയ്യടക്കുന്ന ഒരു സാഹചര്യം നമ്മൾ കണ്ടു. കോര്‍പറേറ്റുകള്‍ക്ക് വിഭവ കൊള്ള നടത്താനുള്ള ഒരു സ്ഥലമായി കേരളത്തെ അധഃപതിപ്പിച്ചത് വൻകിട കോഴ വാങ്ങുന്ന രാഷ്ട്രീയ പാർട്ടികളാണ്.

അതല്ലാതെ കേരളത്തിന്റെ വിഭവങ്ങളും അധ്വാനശേഷിയും ഉപയോഗിച്ചുകൊണ്ട്, കേരളത്തിന്റെ പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിക്കുന്ന തരത്തിൽ ഒരു വികസന നയം സാധ്യമാക്കാൻ കഴിയണമെങ്കിൽ ജനാധിപത്യത്തെ കുറിച്ചും ഭരണത്തെ കുറിച്ചും ഒരു സങ്കൽപ്പം വേണം. ഇതിപ്പോൾ ഭരിക്കുന്ന പാർട്ടിക്കില്ല. കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. വലിയ റേറ്റിംഗ് തന്നെയുണ്ട് ആ സമ്മേളനങ്ങൾക്ക്. കാര്യങ്ങൾ അദ്ദേഹം ഓരോ ദിവസവും മാറ്റി മാറ്റി പറയുന്നു. കാര്യങ്ങൾ മൂടിവെയ്ക്കാൻ ഒരു ഭരണാധികാരി ശ്രമിക്കുന്നത് ശരിയല്ല. പകരം സുതാര്യമായ, നിർഭയമായ, പുതിയ ദർശനമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം. ഞങ്ങൾ പുതിയൊരു വീക്ഷണത്തിലാണ് വിശ്വാസം അർപ്പിക്കുന്നത്.

കേരളത്തിന്റെ ജനാധിപത്യവത്ക്കരണത്തിനും ജനപക്ഷ വികസനത്തിനും വേണ്ടിയുള്ള രാഷ്ട്രീയ മുന്നേറ്റമാണ്  ലക്ഷ്യമാക്കുന്നതെന്ന് മുന്നണി വ്യക്തമാക്കി. അതിനായുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയോ?

ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി പുതിയൊരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാനായി പരിശ്രമത്തിൽ ഏർപ്പെടുന്നവരാണ്. അതിന്റെ ഒരു സംഘാടക സമിതിയും നിലവിലുണ്ട്. ഞങ്ങൾക്ക് വേണമെങ്കിൽ നേരത്തെ തന്നെ ഒരു പ്രസ്ഥാനം പ്രഖ്യാപിച്ചിട്ട് നടപടികൾ തുടങ്ങാമായിരുന്നു. പക്ഷെ അത് വെറുതെ പ്രഖ്യാപിക്കപ്പെടേണ്ടതല്ലെന്നും സമൂഹം ചർച്ച ചെയ്യപ്പെടേണ്ടതും ആണെന്ന് ധാരണയുള്ളതുകൊണ്ടാണ് ഒന്നര വർഷം മുൻപ് ഇത് രൂപം കൊള്ളാതെപോയത്. ഒരുപാട് പ്രസ്ഥാനങ്ങൾ ഞങ്ങളോട് യോജിക്കുന്നുണ്ട്.

ഇങ്ങനെയാണെങ്കിൽ 2021ഓടെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി തന്നെ പ്രഖ്യാപിച്ചുകൊണ്ട് നേതൃത്വം വഹിക്കാൻ കഴിയുന്ന ഒരു കളക്റ്റീവ് നേതൃത്ത്വത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

മുന്നാക്ക സംവരണം കൊണ്ടുവന്നത് ഒരിക്കലും തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നാണ് മാർക്സിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. എന്നാൽ ന്യൂനപക്ഷ സംഘടനകളുടെ വോട്ട് നഷ്ടമാകില്ല എന്ന ഈ വിശ്വാസത്തെ എങ്ങനെയാണ് കാണുന്നത്?

ആ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം. കോട്ടയത്ത് നടന്ന ഒരു യോഗത്തിൽ ദലിത്-ആദിവാസി-പരിസ്ഥിതി- സ്ത്രീ സംഘടനകൾ ഉൾപ്പടെ നാൽപതോളം സംഘടനകളാണ് പങ്കെടുത്തത്. അന്നവിടെ പ്രഖ്യാപിച്ച പ്രമേയത്തിൽ പറയുന്നത് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്നാണ്. അങ്ങനെയൊരു പരസ്യ പ്രഖ്യാപനം കേരളത്തിൽ സംഭവിച്ചുകഴിഞ്ഞു.

ഇത് ഭാവി രാഷ്ട്രീയത്തിന്റെ സൂചനയാണ്. കേരളത്തിലെ കമ്മ്യുണിസ്റ്റ്, കോൺഗ്രസ്, ബിജെപി മുന്നണികൾ ഒരുമിച്ച് നിൽക്കുന്ന സന്ദർഭത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നീക്കം. അതിന്റെ ഒരു പ്രഭാവം എന്തായാലും വരുന്ന തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കും എന്നതിൽ ഒരു തർക്കവുമില്ല.

 

By Athira Sreekumar

Digital Journalist at Woke Malayalam