Tue. Jul 16th, 2024
Ship to Kochi-port

 

കൊച്ചി:

ഓഗസ്‌റ്റില്‍ നിലവില്‍ വന്ന പുതിയ കപ്പല്‍പ്പാത മത്സ്യത്തൊഴിലാളികള്‍ക്കു മേല്‍ ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുകയാണ്‌. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും കൂട്ടിയിടിച്ചുണ്ടാകുന്ന സ്ഥിരമായ അപകടങ്ങളൊഴിവാക്കാനെന്ന പേരില്‍ രൂപീകരിച്ച പാത, യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാണെന്ന്‌ സംഘടനകള്‍.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു ദ്രോഹകരമായ നിര്‍ദിഷ്ട പാത ഉപേക്ഷിച്ച്‌ ജീവനും തൊഴിലിനും സഹായകരമായ രീതിയില്‍ പുതിയ കപ്പല്‍പ്പാതയൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമിതിയംഗം എ കെ ശശി ആവശ്യപ്പെടുന്നു.

AK Sasi fisheries union leader(CITU)
AK Sasi fisheries union leader(CITU,) Photo: Woke Malayalam

”അറബിക്കടലിൽ കേരള തീരത്തിനടുത്ത്‌ ഓഗസ്‌റ്റില്‍ നിലവില്‍ വന്ന വിശാല കപ്പൽപാത മത്സ്യത്തൊഴിലാളികൾ വിശേഷിപ്പിക്കുന്ന അപായ ഇടനാഴിയിൽ ആണ്. അടുത്തകാലത്ത്‌ പത്തിലേറെ വൻ അത്യാഹിതങ്ങളും നിരവധി ചെറിയ അപകടങ്ങളുമുണ്ടായ മേഖലയാണിത്‌. ഇപ്പോള്‍ നിര്‍ണയിച്ച കപ്പല്‍പ്പാത മത്സ്യബന്ധനം നടത്തുന്ന പ്രദേശത്തു കൂടിയാണു പോകുന്നത്‌. ഇത്‌ മത്സ്യത്തൊഴിലാളികള്‍ക്കു ദ്രോഹകരമല്ലാത്ത രീതിയില്‍ പുനര്‍നിര്‍ണയിച്ച്‌ 100 കിലോമീറ്റര്‍ ഉള്ളിലേക്കു മാറ്റണമെന്നാണ്‌ ആവശ്യം”

ആലപ്പുഴ, കൊല്ലം ജില്ലകളിലായി തീരത്തു നിന്നും 60 കിലോമീറ്റർ പടിഞ്ഞാറ് 50 കിലോമീറ്റർ വീതിയിലുള്ള കടൽതട്ടായ  കൊല്ലം പരപ്പിനെ ഒഴിവാക്കിയാണ് കപ്പൽപ്പാത കടന്നുപോകേണ്ടത് എന്നാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍ദിഷ്ട കപ്പല്‍പ്പാതയില്‍ ഗതാഗതം സജീവമാകുന്നതോടെ പ്രധാനമായും രണ്ടു തരത്തിലുള്ള നഷ്ടമാണ്‌ മത്സ്യത്തൊഴിലാളി നേരിടേണ്ടി വരിക. മത്സ്യം കൂടുതല്‍ കിട്ടാനുള്ള അവസരനഷ്ടവും തൊഴിലുപകരണങ്ങളുടെ നാശവും. കാലാവസ്ഥാവ്യതിയാനം പോലുള്ള സാഹചര്യങ്ങളാല്‍ സ്വതവേ മത്സ്യലഭ്യത കുറഞ്ഞ കാലത്ത്‌ പരമ്പരാഗതമായി മത്സ്യബന്ധനം നടത്താനാകുന്ന മേഖലകളില്‍ നിന്നുള്ള ഇത്തരം നിര്‍ബന്ധിത പിന്മാറ്റം തങ്ങളെ നിത്യദാരിദ്ര്യത്തിലാക്കുമെന്ന്‌ അവര്‍ പരിതപിക്കുന്നു.

കേരള പരമ്പരാഗതമത്സ്യത്തൊഴിലാളി സമിതി സംസ്ഥാന സെക്രട്ടറി പി ബി ദയാനന്ദന്‍ ഇതേക്കുറിച്ചു പറയുന്നത്‌ ഇക്കാര്യത്തിലേക്ക്‌ കൂടുതല്‍ വെളിച്ചം വീഴ്‌ത്തും;

PB Dayanandan
പി ബി ദയാനന്ദന്‍, സംസ്ഥാന സെക്രട്ടറി, കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ഫോട്ടോ: വോക്ക്‌ മലയാളം

”കൊല്ലത്ത്‌ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടി വെച്ചു കൊന്നതിനു ശേഷമാണ്‌ കപ്പല്‍ച്ചാലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധികൃതരുടെയും സാധാരണക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടത്‌. എന്നാല്‍ പണ്ടു മുതല്‍ നിരവധിഅപകടങ്ങളുണ്ടായിരുന്നുവെങ്കിലും പലപ്പോഴും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതിരിക്കുകയായിരുന്നു. കപ്പല്‍ച്ചാലിലൂടെയല്ല പലപ്പോഴും കപ്പലുകള്‍ വന്നിരുന്നത്‌. കപ്പല്‍ച്ചാലുകള്‍ നിര്‍ദിഷ്ട ദൂരം പാലിച്ചായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടന്നാണ്‌ പല കപ്പലുകളും തീരത്തോടടുത്ത്‌ സഞ്ചരിക്കാറുള്ളത്‌. ചില തുറമുഖങ്ങളുടെ സമീപത്ത്‌ മൊബൈല്‍ റേഞ്ച്‌ കിട്ടാനും മറ്റുമായി ഇത്തരം നിയമലംഘനങ്ങള്‍ നടക്കാറുണ്ട്‌. അങ്ങനെയാണ്‌ കപ്പലപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്‌. ഇത്‌ പോലെ തിരിച്ചും സംഭവിക്കാം മത്സ്യത്തൊഴിലാളികളുടെ അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്താറുണ്ട്‌”

കപ്പല്‍പ്പാത വന്നതോടെ കേരളതീരത്തെ മീൻപിടുത്തം സുരക്ഷിതമല്ലാതായി. തീരത്തുനിന്ന്‌ 13 നോട്ടിക്കൽ മൈൽമാത്രം അകലെയുള്ള പാത കേരളത്തിലെ 38,000ൽപരം മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികളുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്നതാണ്‌. 2017 മുതൽ കപ്പൽ , ബോട്ടിലിടിച്ചുള്ള അപകടങ്ങളെല്ലാം ഈ മേഖലയിലാണ്‌. അപകടങ്ങളിൽ ബോട്ടും വലയും ഉൾപ്പെടെ ഉപകരണങ്ങൾക്കും വലിയ നഷ്‌ടമുണ്ടാകുന്നു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാത്തതാണ്‌ അപകടങ്ങള്‍ക്കു കാരണമെന്ന തരത്തിലുയരുന്ന പ്രചാരണങ്ങള്‍ക്ക്‌ ദയാനന്ദന്റെ കൈയില്‍ മറുപടിയുണ്ട്‌; ”കപ്പല്‍ച്ചാലിനടുത്ത്‌ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുണ്ടെന്നത്‌ നിഷേധിക്കുന്നില്ല. എന്നാല്‍ ദൈനംദിനമെന്നോണം കപ്പല്‍ച്ചാലിനടുത്ത്‌ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക്‌ ഇതു സംബന്ധിച്ച്‌ നല്ല ബോധ്യവും നിശ്ചയവുമുണ്ട്‌. കാറ്റും കോളുമടക്കമുള്ള പ്രകൃതിപ്രതിഭാസങ്ങളോട്‌ മല്ലടിച്ചു നില്‍ക്കുന്ന അവര്‍ക്ക്‌ കൃത്യമായി യാനങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താനറിയാം”

”ആളപായത്തേക്കാള്‍ പതിന്മടങ്ങാണ്‌ തൊഴിലുപകരണങ്ങളുടെ നഷ്ടം. കപ്പലുകള്‍ അനുമതിയില്ലാതെ തുറമുഖത്തു പ്രവേശിക്കരുതെന്ന നിയമം നിലനില്‍ക്കേ പല കപ്പലുകളും അതു പാലിക്കാറില്ല. കപ്പലുകള്‍ തുറമുഖത്തേക്കു പ്രവേശിക്കും മുമ്പ്‌ ഡ്രെജിംഗ്‌ ബോട്ട്‌ ഓടിക്കാറുണ്ട്‌. ഇതു വരുമ്പോഴാണ്‌ പലപ്പോഴും തൊഴിലാളി, വലയെടുത്ത്‌ മാറ്റുക. പലപ്പോഴും ഇതിനുള്ള സമയക്രമം പാലിക്കാതെ കപ്പല്‍ തുറമുഖത്തേക്ക്‌ നീങ്ങുന്നു. അങ്ങനെയും അപകടം സംഭവിക്കാറുണ്ട്‌”

കൊച്ചി, ആലപ്പുഴ, കൊല്ലം മേഖലയിലാണ് കപ്പലുകള്‍ക്ക് പുതിയ പാതകള്‍ നിലവില്‍ വന്നത്. രണ്ട് വ്യത്യസ്ത പാതകളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. ഓരോ പാതയിലും കപ്പലുകള്‍ക്ക് ഇരുഭാഗത്തേക്കും പോകാന്‍ പ്രത്യേകം ചാലുകളുണ്ടാകും. ഇതനുസരിച്ച് തീരത്തുനിന്ന് 42 നോട്ടിക്കല്‍ മൈല്‍ ‍(72 കി.മീ.) ദൂരത്തിലുള്ള ഒന്നാം പാതയിലൂടെയാണ് മുംബൈ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളില്‍നിന്നും തിരിച്ചുമുള്ള കപ്പലുകള്‍ സഞ്ചരിക്കുക.

സിങ്കപ്പൂര്‍, ജപ്പാന്‍ മേഖലകളിലേക്കും തിരികെയുമുള്ളവ 150 നോട്ടിക്കല്‍ മൈല്‍ (270 കി.മീ.) അകലെയുള്ള രണ്ടാമത്തെ പാതയാണ് ഉപയോഗിക്കുക. ഈ കപ്പല്‍പ്പാതകളില്‍ മീന്‍പിടിത്തയാനങ്ങളും പ്രവേശിക്കാന്‍ പാടില്ല. ഓരോ പാതയിലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള കപ്പലുകളുടെ ചാലുകള്‍ക്കിടയില്‍ പരസ്പരം പ്രവേശിക്കാന്‍ അനുവാദമില്ലെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നു.

കപ്പല്‍ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന്‌ ഡ്രജ്‌ ചെയ്യുന്ന മണ്ണ്‌ അടിഞ്ഞ്‌ പുതുതായി തിട്ടകളുയരുന്നത്‌ തീരദേശ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രെജിംഗുമായി ബന്ധപ്പെട്ട്‌ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ പിന്തുടരുന്ന നിലപാട്‌ പരമ്പരാഗത മത്സ്യത്തൊഴിലാളിവിരുദ്ധവും ഒപ്പം പാഴ്‌ച്ചെലവുമായി മാറുന്നതായി ദയാനന്ദന്‍ പറയുന്നു.

” പോര്‍ട്ട്‌ ട്രസ്‌റ്റും ഡ്രെജിഗ്‌ കരാറുകാരും തമ്മിലുള്ള ഉടമ്പടി വ്യവസ്ഥകള്‍ കോണ്‍ട്രാക്‌റ്റര്‍മാര്‍ പാലിക്കുന്നില്ല. ഡ്രെജ്‌ ചെയ്യുന്ന മണ്ണ്‌ നിശ്ചിത ദൂരപരിധിക്കപ്പുറം കടലില്‍ പുറന്തള്ളാനാണ്‌ കരാര്‍. എന്നാല്‍ ഇത്‌ ഇന്ധനച്ചെലവ്‌ വര്‍ധിപ്പിക്കും. ചെലവ്‌ കുറയ്‌ക്കാനും അടുപ്പിച്ചടുപ്പിച്ച്‌ ട്രിപ്പ്‌ അടിക്കാനും ഈ ദൂരപരിധി കുറച്ച്‌ കൊണ്ടു വരുന്നു. ഇതു മൂലം മത്സ്യത്തൊഴിലാളിക്കുണ്ടാകുന്ന തൊഴിലുപകരണങ്ങളുടെ നഷ്ടക്കണക്ക്‌ തന്നെ കോടികള്‍ വരും. കൊച്ചി അഴിമുഖത്ത്‌ നിന്ന്‌ മണ്ണു നീക്കുന്നത്‌ ഒരിക്കലും പ്രായോഗികമല്ല. ഡ്രെജ്‌ ചെയ്‌തു നീക്കുന്ന മണ്ണ്‌ തിരികെ ഇവിടെ തന്നെ അടിയും. എന്നാല്‍ കപ്പല്‍ ഗതാഗതം നടക്കണമെങ്കില്‍ വേറെ വഴിയില്ല, കപ്പല്‍ച്ചാല്‌ കാലാന്തരത്തോളം മണ്ണു നീക്കിക്കൊണ്ടേയിരിക്കണം”

കപ്പല്‍പ്പാത കടന്നുവരുന്ന റൂട്ടിൽ മാറ്റം വരുത്തണമെന്നാണ് സംസ്ഥാന സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. ക്വയിലോൺ ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്ത് കൂടിയാണ് പാത കടന്നുപോകുന്നത്. നീണ്ടകര കേന്ദ്രീകരിച്ച് ഏറ്റവും കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്. മത്സ്യസമ്പത്ത് ധാരാളമുള്ള പ്രദേശമാണ് ക്വയിലോൺ ബാങ്ക്.