തിരുവനന്തപുരം:
കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്‍റെ ഇടപെടൽ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണം. ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബിയിലും സ്വപ്നാ സുരേഷിനും ശിവശങ്കറിനും വ്യക്തമായ പങ്കുണ്ട്. പല പദ്ധതികളും സ്വപ്നയുമായി ചർച്ച നടത്തിയിട്ടുണ്ട്. താത്വികമായ അവലോകനം നടത്തിയാൽ കിഫ്ബിയിലെ അഴിമതി അഴിമതിയല്ലാതാകില്ലെന്നും കിഫ്ബിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പാർട്ടിക്ക് സ്വർണ്ണകടത്തുകാരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇക്കാര്യത്തിൽ യുഡിഎഫും വ്യത്യസ്തമല്ലെന്ന് അഭിപ്രായപ്പെട്ടു. പിണറായിയെ അധികാരത്തിൽ നിന്നിറക്കി യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചാലും ജനങ്ങൾക്ക് അഴിമതി ഭരണമേ ഉണ്ടാകൂവെന്നും സുരേന്ദ്രൻ പറഞ്ഞു.