Thu. Apr 25th, 2024
Soumitra Chatterjee

കൊല്‍ക്കത്ത:

സത്യജിത് റേ സിനിമകളുടെ മുഖമായിരുന്ന പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അനശ്വര സംവിധായകൻ സത്യജിത്​ റേയ്‌ക്കൊപ്പം മൂന്നു പതിറ്റാണ്ടു പ്രവർത്തിച്ച സൗമിത്ര ചാറ്റര്‍ജി ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച അതുല്യ പ്രതിഭയായിരുന്നു. അഞ്ചു പതിറ്റാണ്ടോളം ബംഗാൾ സിനിമയിൽ നിറഞ്ഞുനിന്നു.

1959ൽ സത്യജിത്​ റേ സംവിധാനം ചെയ്​ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് സൗമിത്ര ചാറ്റര്‍ജി റോയുടെ 15 ചിത്രങ്ങളിൽ  വേഷമിട്ടു.  മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു.

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam