പട്ന:
കൊവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ബിഹാര്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 71മണ്ഡലങ്ങളിലായി നടക്കുന്ന ഒന്നാം ഘട്ടത്തിൽ മാത്രം വോട്ടു ചെയ്യാനെത്തുന്നത്– 2.14 കോടി പേരാണ്. 31,371 പോളിങ് സ്റ്റേഷനുകൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെടുപ്പിൽ ജനവിധി തേടുന്നത് 1066 സ്ഥാനാർഥികൾ ആണ്.
കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിങ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിട്ടൈസ് ചെയ്യും. എല്ലാ പോളിങ് കേന്ദ്രങ്ങളിലും അർധസൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്.
കൊവിഡ് രോഗികൾക്കും രോഗലക്ഷണങ്ങളുള്ളവർക്കും 80 വയസ്സിനു മുകളിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കാം എന്ന വിലയിരുത്തലുമുണ്ട്.
മൂന്ന് ഘട്ടങ്ങളായാണ് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടം നവംബർ മൂന്നിന്. നവംബർ ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നവംബർ പത്തിന് വോട്ടെണ്ണൽ. രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.