Fri. Nov 22nd, 2024

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന് പുറത്തുവരും. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. 243 സീറ്റുകളില്‍ 38 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടു സീറ്റ് പട്ടിക വിഭാഗത്തിനുള്ളതാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പലവിധ രാഷ്ട്രീയ നീക്കങ്ങൾക്കും സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ബീഹാർ. കൂടാതെ, കൊവിഡിന്റെ പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ഒരു ഇലക്ഷൻ എന്ന പ്രത്യേകതയും ഈ നിയമസഭ തിരഞ്ഞെടുപ്പിനുണ്ട്.

അധികാരം വിട്ടുകൊടുക്കില്ലെന്ന മട്ടിൽ നിതീഷ് കുമാർ മത്സരരംഗത്ത് ശക്തമായ ചുവടുറപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ എൻഡിഎ സഖ്യകക്ഷിയിലുള്ള ജെഡിയുവിന് തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം, കർഷകർ ധാരാളമായുള്ള സംസ്ഥാനമാണ് ബീഹാർ. കൊവിഡ് തീർത്ത പ്രതിസന്ധിയ്ക്കിടയിലാണ് കർഷകർക്ക് ലഭിക്കേണ്ട താങ്ങുവില പോലും നിരാകരിച്ചുകൊണ്ടുള്ള കാർഷിക നിയമങ്ങൾ കേന്ദ്രം നടപ്പാടക്കുന്നത്. കർഷകരുടെ പ്രതിഷേധങ്ങൾ വകവെയ്ക്കാതെയുള്ള എൻഡിഎ സർക്കാരിന്റെ നടപടി കർഷകരെ ചൊടിപ്പിച്ചിരുന്നു. കൂടാതെ, രാജ്യത്ത് തൊഴിലില്ലായ്മ കൂടി ക്രമാതീതമായി വർധിച്ചുവെന്ന കണക്കുകൾ പുറത്തുവന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്തിരുന്ന ഭൂരിഭാഗം ബീഹാർ ജനതയും കൊവിഡ് മൂലം സംസ്ഥാനത്തേക്ക് തിരിച്ചെത്തിയതും സാഹചര്യം കൂടുതൽ അരക്ഷിതമാക്കി.

സഖ്യത്തിലെ വിള്ളലുകളും എന്‍ഡിഎയെ അലട്ടുന്നുണ്ട്. രാം വിലാസ് പസ്വാന്‍റെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍ ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി 143 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുന്നു. ബിജെപിക്ക് എതിരല്ല തങ്ങളെന്ന് ചിരാഗ് പറയുമ്പോഴും നിതീഷിനോടുള്ള എല്‍ജെപിയുടെ എതിര്‍പ്പുകള്‍ മുന്നണിയെ മൊത്തത്തില്‍ ബാധിക്കുമോ എന്നതാണ് അവര്‍ നേരിടുന്ന വെല്ലുവിളി.

ജെഡിയുവിന്റെ പ്രധാന എതിരാളി രാഷ്ട്രീയ ജനതാദൾ മഹാസംഖ്യമാണ് (ആർജെഡി). തേജസ്വി യാദവാണ് നിതീഷ് കുമാറിനെ വെട്ടാനുള്ള ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.  കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളായ മഹാസഖ്യത്തിന്റെ  144 സീറ്റുകളില്‍ മത്സരിക്കുന്നത് സഖ്യം നയിക്കുന്ന ആർജെഡി തന്നെ. കോണ്‍ഗ്രസ് 70 സീറ്റുകളിലും സിപിഐ-എംഎല്‍ 19 സീറ്റുകളിലും സിപിഐ ആറ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

2015 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ട് ശതമാനം(24.42%). പോയ അഞ്ച് വർഷങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താൻ ആർജെഡി മഹാസഖ്യത്തെക്കാൾ എൻഡിഎ  സഖ്യത്തിന് സാധിച്ചിട്ടുമുണ്ട് .  ആർജെഡി – കോൺഗ്രസ് സഖ്യത്തിലുണ്ടായ അധികാര വടംവലിയും, കൊഴിഞ്ഞുപോക്കലുമൊക്കെ പാർട്ടിയ്ക്ക് നല്ല രീതിയിൽ ക്ഷീണം തീർത്തിട്ടുണ്ട്.  കൂടാതെ കോൺഗ്രസ്സിന് വേരിറക്കാൻ സാധിച്ചിട്ടുമില്ല. ആയതിനാൽ, ഇത്തവണയും എൻഡിഎയ്ക്ക് അധികാരം വഴങ്ങാൻ ചിലപ്പോൾ സാധ്യത ഉണ്ടായേക്കാം.

ബീഹാർ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിനും ബിജെപിക്കും നിർണ്ണായകമാണ്. ബീഹാറിൽ ജയിക്കാനായാൽ തൊട്ടുപിന്നാലെ  നടക്കാൻ പോകുന്ന  ബംഗാള്‍, കേരളം, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിലും ബിജെപിയ്ക്ക് സ്വാധീനമുറപ്പിക്കാം. അതേസമയം, കോൺഗ്രസ്സിന് വിജയിക്കാനായാൽ മോദി സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് പാർട്ടിയ്ക്ക് തെളിയിക്കാനാകും.അത് വരുന്ന തിരഞ്ഞെടുപ്പുകളിൽ തുറുപ്പ് ചീട്ട് ആക്കുകയും ചെയ്യാം കോൺഗ്രസ്സിന്.

പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ എൻഡിഎക്ക് അനുകൂലമാണ്. അവര്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് എല്ലാ ഫലങ്ങളും പറയുന്നത്. നിതീഷിനേക്കാള്‍ നരേന്ദ്ര മോദി ബീഹാറില്‍ എന്‍ഡിഎയുടെ രക്ഷകനാകുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ടൈംസ് നൗവിന്‍റെ സര്‍വെ പ്രവചിക്കുന്നത്. എന്നാല്‍ പരാജയപ്പെട്ട സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി വിജയം ഉറപ്പാക്കുമെന്നാണ് മഹാസഖ്യത്തിന്‍റെയും തേജസ്വി യാദവിന്‍റെയും അവകാശവാദം.

By Arya MR