Mon. Dec 23rd, 2024

മലപ്പുറം:

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിൽ സാമൂഹിക പ്രശ്നമുണ്ടെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നോക്ക സംവരണം പിന്നോക്കക്കാരെ കൂടുതൽ പിന്നോക്കരാക്കും. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേർന്ന് സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംവരണ വിഷയത്തിൽ തുടർ നടപടികളാലോചിക്കാൻ മലപ്പുറത്ത് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

നേരത്തെ, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം  കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  ഇതുമായി ബന്ധപെട്ട് കേന്ദ്ര സർക്കാരിന് നിവേദനവും നൽകും. പെൺകുട്ടികളുടെ വിവാഹപ്രായം കേന്ദ്ര സർക്കാർ ഉയർത്തിയത് അംഗീകരിക്കാൻ കഴിയില്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നത് സാംസ്കാരിക മൂല്യച്യുതിക്ക് കാരണമാകുമെന്നുമായിരുന്നു സമസ്ത യോഗത്തിന്‍റെ വിലയിരുത്തല്‍.

 

 

By Binsha Das

Digital Journalist at Woke Malayalam