Sat. Apr 27th, 2024
മലപ്പുറം:

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം  കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏകോപനസമിതി അംഗങ്ങളും നിയമജ്ഞരും പങ്കെടുത്ത സംയുക്ത യോഗത്തിന് ശേഷം ആണ് സമസ്ത  നിലപാട് വ്യക്തമാക്കിയത്.

ഇതുമായി ബന്ധപെട്ട് കേന്ദ്ര സർക്കാരിന് നിവേദനവും നൽകും. പെൺകുട്ടികളുടെ വിവാഹപ്രായം കേന്ദ്ര സർക്കാർ ഉയർത്തിയത് അംഗീകരിക്കാൻ കഴിയില്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നത് സാംസ്കാരിക മൂല്യച്യുതിക്ക് കാരണമാകുമെന്നും സമസ്തയോഗം വിലയിരുത്തി. അതിനുപുറമെ പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.

വികസിത രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണ് എന്നിരിക്കെ ഇന്ത്യൻ വിവാഹപ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നും യോഗം വിലയിരുത്തി.വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ നിവേദനം നൽകാനും വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനമെടുത്തു.