Mon. Dec 23rd, 2024

 

ത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പൻ 20 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം ചുമത്തിയ ശേഷം കേസിലുണ്ടായ പുരോഗതിയെക്കുറിച്ചും, പെട്ടെന്നൊരു ദിവസം പ്രിയപ്പെവൻ അഴിക്കുള്ളിലായതിന്റെ വേദനയെക്കുറിച്ചും, കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് വോക്ക് മലയാളം പ്രതിനിധി ആതിര ശ്രീകുമാറിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ വിവരം അറിയുന്നത്?

നവംബർ നാലിന് രാത്രി 12 മണിക്ക് ശേഷമാണ് സിദ്ദിഖ് എന്നെ അവസാനമായി വിളിച്ചത്. എല്ലാ ജോലികളും തീർത്തശേഷം എന്നും ആ സമയത്ത് തന്നെയാണ് വിളിക്കാറ്. പക്ഷെ അടുത്ത ദിവസം വിളിച്ചപ്പോഴുന്നും അദ്ദേഹം ഫോൺ എടുത്തില്ല. രാത്രിയിലും ഫോൺ എടുക്കാതെ ആയപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഞാൻ വിളിച്ചു. പക്ഷെ അവർക്കും ഒന്നും അറിയില്ലായിരുന്നു. പിന്നീട് വർത്തകളിലൂടെയാണ് റിപ്പോർട്ടിങ്ങിന് പോകുന്നതിനിടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്തതായി ഞങ്ങൾ അറിയുന്നത്.

നവംബർ 2വരെയാണ് സിദ്ദിഖിന്റെയും ഒപ്പമുള്ള മൂന്ന് പേരുടെയും കസ്റ്റഡി കാലാവധി  നീട്ടിയിരിക്കുന്നത്. അഭിഭാഷകന് ഇതുവരെ സിദ്ദിഖിനെ കാണാൻ സാധിച്ചിട്ടില്ലേ?

ഇല്ല. അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ മഥുര പോലീസ് സ്റ്റേഷനിലും കോടതിയിലുമായി രാവിലെ മുതൽ വൈകീട്ടുവരെ പല ദിവസങ്ങളായിട്ട് അഭിഭാഷകൻ കാത്തിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമിട്ട് തട്ടിയെന്നല്ലാതെ സിദ്ദിഖിനെ കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. വിൽസ് മാത്യൂസ് ഞങ്ങളോട് പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് യുപി പോലീസ് എന്തെങ്കിലും വിശദീകരണം നൽകിയിട്ടുണ്ടോ ഇതുവരെ?

ഞങ്ങളെ ഇതുവരെ യുപി പോലീസ് വിളിക്കുകയോ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. അദ്ദേഹവുമായി അടുപ്പമുള്ള എല്ലാവർക്കും അറിയാം ഇതുവരെ ഒരു തെറ്റും ചെയ്യാത്ത ആളാണ്. ഇതുവരെ ഒരു പെറ്റി കേസിൽ പോലും പെടാത്ത ആൾക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം അടക്കം ചുമത്തിയിരിക്കുന്നത്. സിദ്ദിഖ് ചെയ്തത് ഒരു കാര്യം മാത്രമാണ്. ഹാഥ്റസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക്  റിപ്പോർട്ടെടുക്കാൻ പോയി  എന്നത് മാത്രം. ഒരു മാധ്യമ പ്രവർത്തകന് വാർത്തയുടെ സത്യം അറിഞ്ഞ് മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിയു. അതിനാണ് എന്റെ ഭർത്താവ് അവിടെ പോയത്. അതാണ് രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള ഒരു തെറ്റായി യുപി പോലീസ് കണക്കാക്കിയിരിക്കുന്നത്.

ഉത്തർ പ്രദേശ് പൊതുവെ ദളിത് സമൂഹത്തിനോടും മുസ്ലിം ജനതയുടെയും അവഗണന കാണിക്കുന്ന സ്ഥലമാണെന്ന ഉറപ്പോടെ ആയിരിക്കുമല്ലോ അദ്ദേഹം പോയത്? ഹാഥ്റസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിന് മുൻപ് എന്തെങ്കിലും അപടകടം ഉണ്ടാകാൻ സാധ്യതയുള്ളതായോ അല്ലെങ്കിൽ അവിടെ എത്തിയ ശേഷം എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായതായോ അദ്ദേഹം പറഞ്ഞിരുന്നോ?

ഞങ്ങൾക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ജോലിയൊക്കെ തീർത്ത ശേഷം 12 മണിക്കാണ് ഇക്ക വിളിക്കാറ്.

Pic Courtesy:റെയ്ഹാനത്ത്/ Siddique Kappan

നാലാം തീയതി പതിവുപോലെ വിളിച്ച ശേഷം പിന്നെ വിളിച്ചിട്ടില്ല. സിദ്ധിഖ് ഒരു ഷുഗർ രോഗിയാണ്. ഷുഗറിനാൽ എന്തെങ്കിലും വന്നോ എന്ന പേടി മാത്രമാണ് എനിക്കുണ്ടായിരുന്നത്.

അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞിട്ടുണ്ടോ? അവരുടെ കുടുംബം റെയ്ഹാനത്തിനോട് സംസാരിക്കുകയോ മറ്റോ?

ഇല്ല. എനിക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. അവരുടെ കുടുംബം എന്നെ വിളിക്കുകയോ ഞാൻ അങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ല. എനിക്കെന്റെ ഭർത്താവിനെ കുറിച്ച് പോലും ഒന്നും അറിയില്ല. അദ്ദേഹം എവിടെയാണെന്നോ എങ്ങനെ ഇരിക്കുന്നെന്നോ ഒന്നും.

രാഹുൽ ഗാന്ധിക്ക് നിവേദനം നൽകിയിരുന്നല്ലോ. അദ്ദേഹം എന്തെങ്കിലും സഹായം ഉറപ്പ് നൽകിയിട്ടുണ്ടോ?

അദ്ദേഹം മലപ്പുറത്ത് വന്നപ്പോഴാണ് ഞങ്ങൾ നിവേദനം നൽകാൻ പോയത്. ഭയങ്കര തിരക്കായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ കാണുന്നതിന് മുൻപ് തന്നെ മഹിളാ കോൺഗ്രസ് നേതാവ് റോഷ്‌നി ഫാത്തിമ, കെപിസിസി സെക്രട്ടറി കെ പി നൗഷാദലി എന്നിവർ അദ്ദേഹത്തെ വിവരം അറിയിച്ചിരുന്നു. നിവേദനം എഐസിസി ജെനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കൈമാറിയിട്ടുണ്ട്. വേണുഗോപാൽജി ഞങ്ങളോട് സംസാരിച്ചിരുന്നു. പേടിക്കണ്ട, വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഹാഥ്റസ് സന്ദർശിക്കാൻ പോയ രാഹുൽജീയ്ക്ക് യുപിയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതല്ലേ. അതിനുശേഷമാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചെങ്കിൽ പിന്നെയാണോ ഒരു സിദ്ദിഖ് കാപ്പൻ അവർക്ക്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഇടപെടൽ ഉണ്ടായോ?

ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചത് എല്ലാവരും കേട്ടതല്ലേ. ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങളെ ഏറെ സങ്കടപ്പെടുത്തി. നിരപരാധിയായ ഒരാളുടെ കാര്യത്തിൽ കേരളാ മുഖ്യമന്ത്രി ഈ നിലപാട് ആയിരുന്നില്ല സ്വീകരിക്കേണ്ടത്. ഈ വിഷയത്തിൽ കൂടുതലായും ഇടപെട്ടിട്ടുള്ളത്‍ കോൺഗ്രസാണ്. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എംപി, കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയവർ ഉന്നതങ്ങളിലേക്ക് ഈ വിഷയം എത്തിച്ചതായാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്.

കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേരള പത്രപ്രവര്‍ത്തക യൂണിയനിന്റെ പിന്തുണ?

ഇപ്പൊ ഞങ്ങൾക്ക് എല്ലാ സഹായത്തിനും ബന്ധുക്കളും, നാട്ടുകാരും, ഇക്കയുടെ അടുത്ത സുഹൃത്തുക്കളുമാണ് കൂടെയുള്ളത്. അവരാണ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. കെയുഡബ്ള്യൂജെയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ഈ വരുന്ന തിങ്കളാഴ്ച സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനാണ് തീരുമാനം. ആദ്യം നൽകിയ ഹർജിയിൽ ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞത്. പക്ഷെ ഫയൽ മുന്നോട്ട് കൊണ്ടുപോകാനായി അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങാനോ ഒന്ന് കാണാൻ പോലും അഭിഭാഷകന് ഇതുവരെ പറ്റിയിട്ടില്ല. എന്തെങ്കിലും ഒരു തെറ്റ് സംഭവിച്ചാൽ ഞങ്ങളെ സമീപിക്കാമെന്ന സുപ്രീംകോടതിയുടെ വാക്കിന്റെ ഉറപ്പിലാണ് ഞങ്ങൾ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

സിദ്ദിഖിന്റെ അറസ്റ്റിന് ശേഷമുള്ള കുടുംബത്തിന്റെ അവസ്ഥ?

ഞാനും മക്കളും വിഷമങ്ങളൊന്നും പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. കാരണം ഇക്കയുടെ ഉമ്മ സുഖമില്ലാത്ത ആളാണ്. 90 വയസുണ്ട്. മകൻ ഡൽഹിയിലേക്ക് ജോലിക്ക് പോയിരിക്കുവാണെന്നാണ് ഇപ്പോഴും വിചാരിച്ചിരിക്കുന്നത്.

Pic Courtesy: റെയ്ഹാനത്ത്/ Siddique Kappan

എത്ര തിരക്കാണെങ്കിലും എന്നും ഉമ്മയോട് വിളിച്ച് സംസാരിക്കുമായിരുന്നു. ഉമ്മയും മകനും തമ്മിൽ അത്തരമൊരു അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്നും എന്താണ് ഇക്ക വിളിക്കാത്തതെന്ന് എന്നോട് ചോദിക്കും. അൽപം മറവിയുള്ളതുകൊണ്ട് ഉമ്മ മറന്നതാണ് സിദ്ധിഖ് വിളിച്ചിരുന്നു എന്ന് കള്ളം പറയും. കഴിഞ്ഞ ദിവസം എന്റെ കയ്യ് ബലമായി പിടിച്ച് ‘എന്റെ മോൻ എവിടെ’ എന്ന ചോദിച്ചപ്പോ ഞാൻ മൊബൈലിൽ ഫോട്ടോ കാണിച്ച് കൊടുത്തു. അത് വീഡിയോ കോൾ ആണെന്ന് കരുതി കുറേ നേരം ഫോണിൽ നോക്കി സംസാരിച്ചു. ഞാനും അങ്ങനെ വിശ്വസിക്കട്ടെയെന്ന് കരുതി. സിദ്ദിഖാണെന്ന് പറഞ്ഞ് മറ്റാരെക്കൊണ്ടെങ്കിലും വിളിപ്പിച്ച് ഉമ്മയെക്കൊണ്ട് സംസാരിപ്പിക്കാനിരിക്കുകയാണ് ഞങ്ങൾ. അല്ലാതെ എന്ത് ചെയ്യാൻ പറ്റും. പ്രായമായ ആളാണ്.

By Athira Sreekumar

Digital Journalist at Woke Malayalam