Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണ്. കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികൾ ഇല്ലാതെ വരുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ മരണനിരക്ക് 0.39 ശതമാനമാണ്. മരണനിരക്ക് കുറയ്ക്കാൻ ആണ് ശ്രമം. അശ്രദ്ധയോടെ പെരുമാറിയാൽ ഈ സ്ഥിതി മാറും.  കൊവിഡിൽ കേരളത്തിന്റെ ഭയം സംസ്ഥാനത്ത് പ്രായമേറിയവർ കൂടുതൽ ഉണ്ട് എന്നതാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ പ്രായമായവരിലേക്ക് രോഗം വ്യാപിക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

By Binsha Das

Digital Journalist at Woke Malayalam