Fri. Nov 22nd, 2024

 

കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌ ഡൗണും ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികളോ സ്ഥിതി വിവര കണക്കുകളോ സര്‍ക്കാരിനുണ്ടായിരുന്നില്ല. എത്ര അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ രഹിതരായ ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല.

ലോക് ഡൗണ്‍കാലത്ത് എത്ര അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മരിച്ചുവെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് വിവരങ്ങള്‍ ഇല്ല എന്നായിരുന്നു തൊഴില്‍ മന്ത്രി സുരേഷ് കുമാര്‍ ഗാങ് വാറിന്‍റെ മറുപടി. ജനന മരണ കണക്കുകള്‍ സൂക്ഷിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അത് ശേഖരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കഴിയാത്തതുകൊണ്ടാണ് കണക്കുകള്‍ ലഭ്യമല്ലാത്തത് എന്നായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി.  മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമോയെന്ന ചോദ്യത്തിന് മരിച്ചവരുടെ  കണക്കുകളില്ലാത്തതിനാല്‍  ആ ചോദ്യം തന്നെ അപ്രസക്തമാണ് എന്നായിരുന്നു മറുപടി. 

കൊവിഡ്- ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരിതം വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമെന്നാണ് നിരീക്ഷിക്കപ്പെട്ടത്. കൊവിഡ് വ്യാപനം തടയാന്‍ 2020 മാര്‍ച്ച് 24നാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാല് മണിക്കൂറിനകം രാജ്യത്ത് ലോക് ഡൗണ്‍ നിലവില്‍വന്നു. തുടർന്ന് ട്രെയിന്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതങ്ങളെല്ലാം  നിര്‍ത്തിവെച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ  തൊഴില്‍ മേഖല  നിശ്ചലമായി. ഒറ്റരാത്രി കൊണ്ട് ലക്ഷങ്ങള്‍ തൊഴില്‍ രഹിതരായി.

 

ഇതോടെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് കാല്‍നടയായി മടങ്ങാന്‍ ശ്രമിച്ചു. ചിലര്‍ കിട്ടിയ വാഹനങ്ങള്‍ കയറിക്കൂടാന്‍ ശ്രമിച്ചു. അതിൽ നിരവധി പേർ യാത്ര മദ്ധ്യേ മരണത്തിനും കിഴടങ്ങി ,മറ്റു ചിലർ അപകടത്തിൽ പെട്ടു.   പട്ടിണി കിടന്നും നിരവധി പേർ മരിച്ചു . ഇത്തരം ഒരു  പ്രതിസന്ധിക്ക്  കാരണം ഒരു തയ്യാറെടുപ്പും നടത്താതെയും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താതെയും ഒറ്റ രാത്രികൊണ്ട് നടപ്പാക്കിയ ലോക് ഡൗണായിരുന്നു.  മരിച്ചവരുടെ കണക്ക് പോലും സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മാര്‍ച്ച് 25ന് ശേഷം ഒരു കോടിയിലധികം പേര്‍ തൊഴില്‍രഹിതരായി അവരവരുടെ നാട്ടിലേക്ക് പോയി എന്ന കണക്ക് മാത്രമാണ് സര്‍ക്കാരിനുണ്ടായിരുന്നത്. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നതിനും സര്‍ക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. അതേ സമയം 40 ദശലക്ഷം പേര്‍ തൊഴില്‍രഹിതരായി എന്നാണ് ലോകബാങ്ക് നല്‍കുന്ന കണക്ക്. 

എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന ചോദ്യത്തിനും സര്‍ക്കാരിന് മറുപടി നല്‍കാന്‍ കണക്കുകള്‍ ഉണ്ടായിരുന്നില്ല. വിവിധ സംസ്ഥാനങ്ങള്‍ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോക്ക് കണക്കുകള്‍ നല്‍കാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇല്ല എന്നായിരുന്നു ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണന്‍ റെഡ്ഢി രാജ്യസഭയില്‍ പറഞ്ഞത്. 

എന്നാൽ ഇവിടം കൊണ്ടവസാനിക്കുന്നതല്ല കേന്ദ്രത്തിന്റെ വിവരമില്ലായ്മ. കോവിഡ് ചികിത്സക്കിടെ എത്ര ഡോക്ടര്‍മാര്‍ മരിച്ചുവെന്ന ചോദ്യത്തിനും സര്‍ക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. ഇതിനെതിരെ മരിച്ച ഡോക്ടര്‍മാരുടെ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് ഐഎംഎ എന്ന ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം അറിയിച്ചു. 382 ഡോക്ടര്‍മാര്‍ മരിച്ചുവെന്നായിരുന്നു ഐഎംഎക്ക് ലഭ്യമായ കണക്ക്. ആരോഗ്യപ്രവര്‍ത്തകരെ ദൈവതുല്യരെന്ന് പുകഴ്ത്തുകയും കോവിഡനെതിരെ പോരാടി മരിച്ചവരുടെ കണക്ക് പോലും സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ തികഞ്ഞ വഞ്ചനയാണ് കാട്ടുന്നതെന്ന് ഐഎംഎ ആരോപിച്ചു. ദുരന്ത നിവാരണ നിയമവും പകര്‍ച്ചവ്യാധി പ്രതിരോധ നിയമവും നടപ്പാക്കുന്നതിനുള്ള‌ ധാര്‍മിക അധികാരം സര്‍ക്കാരിന്‌ നഷ്ടമായി എന്നും അവര്‍ കുറ്റപ്പെടുത്തി.

കോവിഡ് കാലത്ത് മരിച്ച പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും ആഭ്യന്തര മന്ത്രാലയത്തിന് കണക്കുണ്ടായിരുന്നില്ല. പൊലീസ് സംസ്ഥാന വിഷയമാണ് എന്നായിരുന്നു അതിനുള്ള മറുപടിയും.  

ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നാണ് ഈ നിഷേധാത്മക സമീപനങ്ങള്‍ കാണിക്കുന്നത്. വലിയ  പ്രതിസന്ധിയിലേക്ക് നാടിനെ തള്ളിവിട്ട ശേഷം വിവരങ്ങൾ ഇല്ല എന്ന  മുടന്തൻ  ന്യായം പറഞ്ഞത് പല  ചോദ്യങ്ങളിൽ  നിന്നും അതിവിദഗ്ധമായി ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ‘എന്‍.ഡി.എ എന്നാല്‍ നോ ഡേറ്റ അവയ്‌ലബിള്‍’ എന്ന ശശി തരൂരിന്റ ട്വീറ്റ് ആണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിഹാസം ശരിവെക്കുന്നതാണ്  കേന്ദ്ര ഗവണ്മെന്റിന്റെ  ഭാഗത്തു നിന്നുള്ള പ്രതികരണങ്ങൾ എല്ലാം.