Fri. Apr 26th, 2024

 

കല്‍പ്പറ്റ:

വയനാട് ജില്ലയില്‍ എസ്എസ്എല്‍സി പാസായ 1400ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തില്‍ നിന്ന് പുറത്തേക്ക്. ജില്ലയില്‍ 2009 ആദിവാസി വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പാസായത്. എന്നാല്‍ ജില്ലയില്‍ നീക്കിവെച്ചരിക്കുന്നത് 529 പ്ലസ് വണ്‍  സീറ്റുകള്‍ മാത്രം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന കുട്ടികള്‍ പഠനം അവസാനിപ്പിക്കേണ്ടിവരും.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്ന് ആദിവാസി ഗോത്ര മഹാസഭ ചീഫ് കോ ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറയുന്നു. വയനാട്ടിലെ ആദിവാസികള്‍ എസ്എസ്എല്‍സി പാസായാല്‍ പഠനം അവസാനിപ്പിക്കട്ടെ എന്ന സമീപനമാണ് ഭരണാധികാരികള്‍ പുലര്‍ത്തുന്നത്. ഇത് ആദിവാസികളോടുള്ള വംശീയ വിവേചനമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

വയനാട് ജില്ലയില്‍ ആദിവാസികള്‍ക്കായി നീക്കിവെക്കുന്ന 529 സീറ്റുകളില്‍ 317 സീറ്റുകള്‍ മാത്രമാണ് ഹ്യൂമാനിറ്റീസ് / കൊമേഴ്സ് വിഷയങ്ങള്‍ക്കുള്ളത്. 212 സീറ്റ് സയന്‍സ് വിഷയങ്ങള്‍ക്കാണ്. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഹ്യൂമാനിറ്റീസ് വിഷയങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ സീറ്റുകളുടെ കുറവ് മൂലം പലര്‍ക്കും പഠനം അവസാനിപ്പിക്കേണ്ടിവരുന്നു.

സംസ്ഥാനത്ത് ആകെയുള്ള 280000ഓളം പ്ലസ് ടു സീറ്റിന്‍റെ 8 ശതമാനം പട്ടികവര്‍ഗ സംവരണമെന്ന നിലയില്‍ 25000നടുത്ത് സീറ്റുകള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെക്കാറുണ്ട്. എന്നാല്‍ 6000നും 7000നും ഇടയില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഓരോ വര്‍ഷവും ജയിക്കാറുള്ളത്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയാണ് കാരണം. ബാക്കി വരുന്ന സീറ്റുകള്‍ പൊതുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാറ്റുകയാണ് പതിവ്. പ്രവേശന നടപടിയുടെ തുടക്കത്തില്‍ തന്നെ മറ്റ് ജില്ലകളില്‍ അധികം വരുന്ന സീറ്റുകള്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് കൈമാറുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 16000 സീറ്റുകള്‍ പൊതു വിഭാഗത്തിന് കൈമാറിയതായി ഗീതാനന്ദന്‍ പറയുന്നു.

മറ്റ് ജില്ലകളില്‍ അധികമായി വരുന്ന പട്ടിക വര്‍ഗ സീറ്റുകള്‍ വയനാട് ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി നല്‍കി പ്ലസ് വണ്‍ അധിക ബാച്ചുകള്‍ നല്‍കി പ്രശ്നം പരിഹരിക്കണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം. സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് 90 ശതമാനം ആദിവാസി കുട്ടികളും പത്താം ക്ലാസില്‍  എത്തുന്നതോടെ പഠനം ഉപേക്ഷിക്കുന്നു. ആദിവാസികളുടെ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമല്ല, വംശീയവും ജാതീയവുമായ വിവേചനവും ഇതിന് കാരണമാകുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളും നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. വയനാട്ടിലും അട്ടപ്പാടിയിലും ഉന്നത പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ സൗകര്യങ്ങള്‍ വിരളമാണ്. ഇത് കോളേജുകളും സര്‍വകലാശാലകളും പരിഗണിക്കാത്തതിനാല്‍ പല കുട്ടികള്‍ക്കും അവസരം നഷ്ടമാകുന്നു. എസ് സി- എസ് ടി വിഭാഗങ്ങളുടെ പ്രവേശനത്തിന് പാലിക്കേണ്ട ഏകീകൃതവും വ്യക്തവുമായ മാര്‍ഗരേഖ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

സ്പോട്ട് അലോട്ട്മെന്‍റും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതാണ്. പല സ്വയംഭരണ കോളേജുകളും സീറ്റ് ഒഴിവുകളെക്കുറിച്ച് അവരുടെ വെബ്സൈറ്റിലോ മാധ്യമങ്ങളിലോ നേരത്തെ വിവരങള്‍ നല്‍കാറില്ല. സ്പോട്ട് അലോട്ട്മെന്‍റിന്‍റെ തലേ ദിവസം മാത്രം പത്രക്കുറിപ്പ് നല്‍കി തലയൂരുകയാണ് പതിവ്.  ആദിവാസി വിദ്യാര്‍ത്ഥികള്‍ എത്താതിരിക്കുമ്പോള്‍ സീറ്റുകള്‍ പൊതു വിഭാഗത്തിലേക്ക് കൈമാറുന്നു.

ആവശ്യത്തിന് ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ നഗരങ്ങളില്‍ പഠിക്കുന്ന എസ് സി- എസ് ടി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇതിന് പുറമെയാണ്. നിലവിലുള്ള ഹോസ്റ്റലുകള്‍ പോലും തുറക്കാത്ത സ്ഥിതിയുമുണ്ട്.
എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തിയതായി എസ് സി- എസ് ടി വകുപ്പ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും ഗോത്ര മഹാസഭയും ആദിവാസി വിദ്യാര്‍ത്ഥി കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്കൂള്‍ പ്രതി നിധികളുംആരോപിക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണെന്ന് അവര്‍ പറയുന്നു.

വംശീയവും ജാതീയവുമായ വിവേചനം  ആദിവാസി- ദലിത് വിദ്യാര്‍ത്ഥികളുടെ പിന്നാക്കാവസ്ഥക്ക് കാരണമായിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗ്സമായി മത്സരാധിഷ്ഠിതമായ പുതിയ സംവിധാനം കൂടി വരുന്നതോടെ അവഗണന ശക്തമാകുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഈ പ്രശ്നങ്ങള്‍ മുന്നില്‍ നിര്‍ത്തി പ്രക്ഷോഭണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആദിവാസി ഗോത്രമഹാസഭയും, ആദിശക്തിസമ്മര്‍ സ്കൂളും വിവിധ ആദിവാസി – ദലിത് സംഘടനകളും. വിദ്യാഭ്യാസം ജന്മാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തി വയനാട് കളക്ടറേറ്റിന് മുന്നില്‍ സെപ്റ്റംബര്‍ 28 മുതല്‍ സമരം ആരംഭിക്കും.