തിരുവനന്തപുരം:
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാത്തത് കെപിസിസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്. വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളം വിളിച്ച യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നതും കാരണമായി.
ജെഇഇ, നീറ്റ് പരീക്ഷകള്‍ നടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായിരുന്നു സോണിയ ഗാന്ധി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് യോഗത്തില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കെവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം മാത്രമെ പരീക്ഷകള്‍ നടത്താന്‍ പാടുള്ളൂവെന്നാണ് യോഗത്തില്‍ മന്ത്രിമാര്‍ പറഞ്ഞത്. പരീക്ഷ നീട്ടിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശിച്ചു.