Thu. May 2nd, 2024
കൊച്ചി:

 
കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും. സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തിയാണ് സർവീസുകൾ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി സർവീസുകൾ പുനരാരംഭിക്കാനാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്ന കേന്ദ്ര സർക്കാർ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായത്.

സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ടാകും. ആദ്യഘട്ടത്തിൽ രാവിലെ 7 മുതൽ രാത്രി 8 മണി വരെ മാത്രമായിരിക്കും സർവീസുകൾ. തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സർവീസ് പുനരാരംഭിക്കുക.

എല്ലാ സ്റ്റേഷനുകളിലും ട്രെയിൻ 20 സെക്കൻഡ് തുറന്നിടുകയും തെർമൽ സ്‌കാനറുകൾ വഴി പരിശോധന ശക്തമാക്കുകയും ചെയ്യും. എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും ക്യാഷ് ബോക്‌സ് സ്ഥാപിച്ചും ക്യു ആർ കോഡ് സംവിധാനം വഴിയുമാകും ടിക്കറ്റ് ചാർജുകൾ വാങ്ങുക. കഴിഞ്ഞ മാർച്ച് 23 നാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മെട്രോ സർവീസ് നിർത്തിയത്.