ന്യൂഡല്‍ഹി:
നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അതേസമയം, പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സെപ്റ്റംബര്‍ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിംഗ് ഏജൻസിയും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയും അറിയിച്ചിരുന്നു.ഇത് അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.