Thu. Apr 25th, 2024

ഡൽഹി:

പാർട്ടിയ്ക്ക് ഒരു സ്ഥിര നേതൃത്വം വേണമെന്നാവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് കത്തെഴുതിയ നേതാക്കൾ. കത്തെഴുതിയ നേതാക്കൾ ഗുലാംനബി ആസാദിൻറെ വീട്ടിൽ യോഗം ചേർന്നു. ശശി തരൂരും യോഗത്തിൽ പങ്കെടുത്തു. ഇന്നലെ നടന്ന ഏഴരമണിക്കൂർ നീണ്ട പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് രാത്രിയിൽ ആസാദിന്റെ വീട്ടിൽ യോഗം ചേർന്നത്.കത്തിന് അനുസരിച്ച് സംഘടന മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി.

സോണിയ ഗാന്ധി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നപ്പോഴാണ് കത്ത് നൽകിയതെന്ന രാഹുൽ ഗാന്ധിയുടെ വാദം നേതാക്കൾ തള്ളി. സോണിയ ആശുപത്രിയിൽ നിന്ന് തിരിച്ചുവന്ന ശേഷമാണ് കത്ത് നൽകിയതെന്ന് അവർ വിശദീകരിച്ചു. ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ചു നിന്ന നേതാക്കളാണ് താനും ആസാദും എന്ന് ആനന്ദ് ശർമ്മ യോഗത്തിൽ പറഞ്ഞു.

കപിൽ സിബലും മനീഷ് തിവാരിയും ഭുപീന്ദർ സിങ് ഹൂഡയും അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കാൻ അവർ തീരുമാനിച്ചു.

ഇന്നലെ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ച പ്രധാന പരാതി ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമ്പോഴും രാഹുൽ ഗാന്ധി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്നതാണ്. ഈ ആശയകുഴപ്പം മാറണം എന്നാണ് നേതാക്കൾ പറഞ്ഞത്. ഗാന്ധി കുടുംബത്തിലാണ് പാർട്ടിയുടെ വിശ്വാസം എന്നാണ് നേതാക്കൾ പ്രവർത്തക സമിതിയിൽ ഉന്നയിച്ചത്.