25 C
Kochi
Tuesday, July 27, 2021

Daily Archives: 21st June 2020

വാഷിംഗ്‌ടൺ: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി രൂക്ഷമാവുകയാണെന്നും  പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായതായി കേന്ദ്രമന്ത്രി വി കെ സിങ് അറിയിച്ചിരുന്നു. ഗാൽവനിൽ പിടിച്ചുവെച്ചിരുന്ന ചൈനീസ് സൈനികരെ  വിട്ടയച്ചതായും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരചടങ്ങുകള്‍ ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ ഉഷാറാണി അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ എൻ ശങ്കരൻനായരാണ് ഭർത്താവ്.
ജനീവ: ലോകത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണെന്നും കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.  രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് വളരെ ആലോചിച്ചുമാത്രം മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയവ വളരെ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വാഷിംഗ്‌ടൺ: ലോകത്താകെ ഇതുവരെ 4,66,198 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണമാകട്ടെ 89 ലക്ഷം കടന്നതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 32,000 ലേറെ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രസീലിൽ 31,000 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. എന്നാൽ ന്യൂയോർക്ക് നഗരത്തിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും. സ്‌പെയി‌നിൽ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു.
ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസലിന് 74 രൂപ 12 പൈസയും പെട്രോളിന് 79 രൂപ 44 പൈസയുമാണ് വില.
ഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപത്തി മൂന്ന് പേർക്ക്. 306 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്.
തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി‌ ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളായ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകള്‍ പൂർണമായും അടച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുള്‍പ്പെടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകളുടെ എണ്ണം കൂടുന്നതിനാൽ നഗരത്തിൽ ഇന്ന് മുതല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സിറ്റി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: ഇന്ന് വിവിധ എൻട്രൻസ് പരീക്ഷകൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും ബാറുകളും ബെവ്കോ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യ വില്‍പ്പന നടത്താനും അനുമതി നൽകിയിട്ടുണ്ട്. സമ്പൂർണ്ണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്ചകളിൽ ഇതുവരെ മദ്യവിപണന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 127 പേര്‍ക്കാണ്. 57 പേര്‍ രോഗമുക്തി നേടി. നിലവിൽ 1,450 പേരാണ് കേരളത്തിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് 1490 പ്രവാസികൾ  കൊച്ചിയിലെത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഷാര്‍ജയില്‍ നിന്ന് ഒരു എയര്‍ അറേബ്യ വിമാനവും ഇന്ന് കേരളത്തിലെത്തും. ഇന്നലെ ആയിരത്തി അറുന്നൂറ്റി പത്ത് പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും യോഗ ശീലമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മാനസിക ആരോഗ്യം നൽകുമെന്നും എല്ലാവരും പ്രാണായാമം ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കുടുംബത്തോടൊപ്പം യോഗ എന്നതാണ് അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം.