ന്യൂഡൽഹി :
ദേശീയ മെഡിക്കൽ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നാളെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കു നടത്തും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ ഇന്നലെ ലോക്സഭയില്‍ പാസ്സാക്കിയിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്‍റെ മാനദണ്ഡം, കേന്ദ്രസർക്കാർ നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. എം.ബി.ബി.എസ്. അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതേ പരീക്ഷയുടെ മാർക്കാവും എം.ഡി. കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.
എന്നാൽ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. ജനവിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ ബിൽ പാവങ്ങൾക്ക് എതിരാണെന്ന് ഡോക്ടർമാർ പറയുന്നു.