Sat. Apr 20th, 2024
മംഗളൂരു:

കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനായ വി.ജി.സിദ്ധാര്‍ത്ഥിനെ കാണാതായി.മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനാണ്. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കാണാതായത്. സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മഞ്ചേശ്വരം കോസ്റ്റല്‍ പൊലീസാണ് തിരച്ചില്‍ നടത്തുന്നത്. കേരള കോസ്റ്റല്‍ പൊലീസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ആത്മഹത്യയാണെന്നാണ് സംശയം.

സിദ്ധാര്‍ത്ഥിന് 7000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്ത് പുറത്തുവന്നു. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.

തന്റെ ഇന്നോവ കാറില്‍ സിദ്ധാര്‍ത്ഥ് തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര പോയിരുന്നു. അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു വരേണ്ടിയിരുന്നത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. മംഗളൂരുവിന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവില്‍ ഇയാള്‍ ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട് ഇറങ്ങി പോയിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വന്നില്ലെന്നും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *