മുംബൈ:
ബിനോയി കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാകും ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുകയെന്ന് ഓഷ്വാര പോലീസ് അറിയിച്ചു. നേരത്തെ ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പോലീസിന്റെ തീരുമാനം.
എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ പോലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുക.
ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെയാണ് നിര്‍ദേശിച്ചത്. പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും നിര്‍ദേശമുണ്ട്.
അന്വേഷണവുമായി സഹകരിക്കുമെന്നും ഡി.എന്‍.എ. പരിശോധനയ്ക്കു തയാറെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചിരുന്നു. പരാതി ഉന്നയിച്ച യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം ബിനോയ് എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.