ലഖ്‍നൗ:
ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ബി.ജെ.പി. യുടെ എം.എൽ.എ. കുൽദീപ് സിംഗ് സെംഗാറിന് എതിരെ കൊലക്കുറ്റം ചുമത്തി. എം.എൽ.എ. യ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉന്നാവോയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ കേസ് നിലവിൽ സി.ബി.ഐ. യാണ് അന്വേഷിക്കുന്നത്. അതിനാൽ ഈ കേസും സി.ബി.ഐ ഏറ്റെടുത്തേക്കും.
അപകടത്തിൽ ഇരയായ പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ആശാ സിംഗ്, ബന്ധു പുഷ്പ സിംഗ് എന്നിവർ അപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. റായ്ബറേലി ജില്ലാ ജയിലിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. റായ്ബറേലിയിലായിരുന്നു അപകടം.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിക്കുന്നു. അതേസമയം, പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂർ പിന്നിട്ടാലേ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടർമാർ പറയുന്നു. ഇന്നലെ വൈകിട്ടോടെ റായ്‍ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു.
പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിലെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചിരുന്നു. ഇതെന്തുകൊണ്ട് എന്ന കാര്യത്തിൽ ഇതുവരെ പൊലീസിന് വ്യക്തത വന്നിട്ടില്ല. രണ്ട്, പെൺകുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ കുടുംബം തന്നെ കാറിൽ സ്ഥലമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂടെ വരേണ്ടെന്നും പറയുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. നിലവിൽ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം പത്ത് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചെന്ന് ലഖ്‍നൗ ഡി.ഐ.ജി. വ്യക്തമാക്കിയിട്ടുണ്ട്.
2017 ജൂണ്‍ നാലിനാണു പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ജോലി അന്വേഷിച്ച് ബന്ധുവിനൊപ്പം എം.എൽ.എ. യുടെ വീട്ടിലെത്തിയപ്പോൾ മാനഭംഗപ്പെടുത്തിയെന്നാണു പരാതി. എം.എൽ.എ. കുൽദീപ് സിംഗിനെതിരേ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പെണ്‍കുട്ടിയും അമ്മയും യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയിലെത്തി ജീവനൊടുക്കാൻ ശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്. തുടർന്ന് കേസ് സി.ബി.ഐ. ക്കു കൈമാറി. കുൽദീപ് സിംഗ് സെൻഗാർ ഉൾപ്പെടെ പത്തു പേർക്കെതിരേ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു.
അതേസമയം, അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആവർത്തിക്കുന്നു. പല തവണ എം.എൽ.എ.യുടെ കൂട്ടാളികൾ കോടതിയിൽ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എം.എൽ.എ. കുൽദീപ് സിംഗ് സെംഗാറിന്‍റെ പക്കൽ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എം.എൽ.എ. നിയന്ത്രിക്കുന്നത് ഫോൺ വഴിയാണെന്നും പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നു. കഴിഞ്ഞ വർഷം പെണ്‍കുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു. കേസിൽ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.