Fri. Mar 29th, 2024
കൊച്ചി:

സ്വന്തമാക്കിയ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന വാര്‍ത്തയാണ് മെയ് 8 ന് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിവാസികളെ വരവേറ്റത്. ജോലിക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും മാത്രം താമസിക്കുന്ന സാധാരണ ഫ്‌ളാറ്റുകളാണിവിടെയുള്ളത്. കയ്യിലുള്ള സമ്പാദ്യം മുഴുവനും മുടക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ എങ്ങോട്ട് പോകണമെന്നറിയാതെ ഉഴറുകയാണ്.

പശ്ചാത്തലം

കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ള തീരദേശപരിപാലന നിയമപ്രകാരം സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 5 ഫ്‌ളാറ്റുകളും പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിട്ടത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മ്മാണം കൂടി കാരണമായെന്ന് കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ കെട്ടിടങ്ങളാണ്  പൊളിക്കാന്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകരേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റുകമാത്രമാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. പൊളിച്ചു മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രശ്നത്തിലായിരിക്കുന്ന മരട് ഫ്ലാറ്റുകൾ

ഗോള്‍ഡന്‍ കായലോരത്തെക്കുറിച്ച്

സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടതില്‍ ഏറ്റവും ആദ്യം പണികഴിപ്പിച്ചത് 1995 ല്‍ ഭഗീരഥ ബില്‍ഡേഴ്‌സ് ആണ്. അവരാണ് മരട് ഗ്രാമപഞ്ചായത്തിൽ (2010 ലാണ് നഗരസഭ ആയത്) നിന്ന് എന്‍.ഒ.സി. വാങ്ങി പണി തുടങ്ങിയത്. പണത്തിന്റെ ബുദ്ധിമുട്ടില്‍ നിര്‍മ്മാണം പാതി വഴിക്കായ ഫ്‌ളാറ്റ് 2006 ല്‍ കെ.പി. വര്‍ക്കി ആന്റ് സണ്‍സ് ഏറ്റെടുക്കുകയായിരുന്നു. 2007 ല്‍ പണി പൂര്‍ത്തിയാക്കി ആദ്യ വില്പനയും നടത്തി.

ഞങ്ങളുടേത് ഒരു ലക്ഷ്വറി ഫ്‌ളാറ്റല്ല. ഇപ്പോള്‍ പറയുന്ന കേസിനെപ്പറ്റി ഞങ്ങള്‍ക്ക് അറിയില്ല. സുപ്രീം കോടതിയുടെ വിധി ടിവിയിലൂടെയാണ് ഞങ്ങള്‍ അറിഞ്ഞത്.
“വിധി വന്നപ്പോള്‍ മാത്രമാണ് ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്. മാത്രമല്ല ഇപ്പോള്‍ ഫ്‌ളാറ്റിരിക്കുന്ന പ്രദേശം തീരദേശപരിപാലന നിയമപ്രകാരം സോണ്‍ 2 ല്‍ ആണ്. സോണ്‍ 2 ന്റെ നിയമപ്രകാരം ഫ്‌ളാറ്റിനു മുന്‍പില്‍ കെട്ടിടമോ റോഡോ ഉണ്ടായാല്‍ അത് നിയമ ലംഘനമല്ല. ഇതിന്റെ മുന്നിലൂടെ പോകുന്നത് ഇന്‍ലാന്റ് ഓഫീസിലേയ്ക്കുളള വഴിയാണ്, അതിനോട് ചേര്‍ന്നിരിക്കുന്നത് അംഗനവാടി കെട്ടിടമാണ്. പിന്നെ എങ്ങനെയാണു നിയമ ലംഘനം ഉണ്ടായത്?” വീട്ടമ്മയും താമസക്കാരിയുമായ ബിനി ഫാന്‍സിസ്
വോക്ക് മലയാളത്തോട് പ്രതികരിച്ചു.

 

മരട് ഫ്ലാറ്റുകളിൽ ഒന്നിൽ താമസിക്കാരിയായ ബിനി

“സുപ്രീംകോടതിയില്‍ ഞങ്ങള്‍ക്കെതിരെ ഒരു കേസ് നടക്കുന്നത് അറിയില്ലായിരുന്നു. ഏതു വര്‍ഷമാണ് കേസ് സുപ്രീംകോടതിയില്‍ പോയതെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. സുപ്രീംകോടതി വിശദമായ പഠനത്തിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയിലുളളവര്‍ ഫ്‌ളാറ്റ് ഓണേഴ്‌സ് ആയ ഞങ്ങളോട് ഒന്നും തന്നെ ചോദിച്ചിട്ടില്ലെന്നും ഇതൊക്കെ അറിയുന്നത് ഈ മെയ് എട്ടിന് ശേഷമാണ്,” ബിനി കൂട്ടിചേര്‍ത്തു.

“ഞങ്ങളോട് അന്വേഷിക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. ഇതിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അന്വേഷണ കമ്മീഷന്‍ ചെയ്തത്” എന്നും ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ ഇവിടെ വെള്ളം കയറിയിട്ടില്ല. ചമ്പക്കര കനാല്‍ ഒരു മനുഷ്യ നിര്‍മ്മിത കനാല്‍ ആണ്. പ്രളയ സമയത്ത് മറ്റുള്ള സ്ഥലങ്ങളില്‍ നിന്നുളള വെള്ളം ഒഴുകിപ്പോയതല്ലാതെ ഈ പ്രദേശത്ത് വെള്ളപ്പൊക്കം ബാധിച്ചിട്ടില്ലെന്നും ബിനി വ്യക്തമാക്കി.

“ഈ ഫ്ളാറ്റ് വാങ്ങാന്‍ വന്നപ്പോള്‍ ആദ്യം പഞ്ചായത്തില്‍ പോയി എല്ലാ നിയമവശങ്ങളും നോക്കിയിരുന്നു. അവിടെ ഒരു പ്രശ്‌നവും കണ്ടില്ല തുടര്‍ന്ന് ലീഗല്‍ ആയി അഡ്വക്കേറ്റിനെ വെച്ചാണ് പേപ്പര്‍ വര്‍ക്കുകള്‍ നടത്തിയത്. പിന്നീട് ഇതുപയോഗിച്ചാണ് എസ്.ബി.ഐയിൽ നിന്ന് ലോണ്‍ എടുത്തത്. മാത്രമല്ല നഗരസഭ അധികൃതര്‍ വീടിന് നമ്പറും ഇട്ടു തന്നു.” സ്ഥിരമായി ലാന്റ് ടാക്‌സും, ഫ്‌ളാറ്റ് ടാക്‌സും നല്‍കുന്നവരാണ് ഞങ്ങളെന്നും, ആ സമയത്തൊന്നും ആരും ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നില്ല എന്ന് ബിനി പറയുന്നു.

ഞങ്ങള്‍ താമസിക്കുന്ന പ്രദേശം തീരദേശപരിപാലന നിയമപ്രകാരം സോണ്‍ 3 ലാണെന്ന് അധികാരികള്‍ അറിയിച്ചിട്ടില്ല. സര്‍ക്കാറിന്റെ ഭരണവകുപ്പായ നഗരസഭയെ ഞങ്ങള്‍ വിശ്വസിച്ചു. അതുകൊണ്ടാണ് വാങ്ങിയത്.
തങ്ങള്‍ക്ക് സര്‍ക്കാരിനോടും അതിന്റെ ഭരണസ്ഥാപനങ്ങളോടുമുളള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിനി ആരോപിച്ചു.

ഫ്‌ളാറ്റ് ഇരിക്കുന്ന സ്ഥലം പണ്ട് വയല്‍ അല്ലെന്നും അവിടെ താമസിച്ചിരുന്ന കറുമ്പിയുടെയാണെന്നും ഫ്‌ളാറ്റിന്റെ അടുത്തു ജനിച്ചു വളര്‍ന്ന, അവിടെ താമസിക്കുന്ന കെ വി ജോസഫ് (90)വോക്ക് മലയാളത്തോട് പറഞ്ഞു.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ആയിരുന്നു ഏറ്റവും ആദ്യം അവിടെ എത്തിയത്. പിന്നീടാണ് മറ്റു രണ്ട് ഫ്‌ളാറ്റുകള്‍ അവിടെ പണിതത്. ഫ്‌ളാറ്റിനു അനുമതി നല്‍കിയപ്പോഴും പണി പൂര്‍ത്തിയാക്കി ആളുകള്‍ താമസിക്കാന്‍ വന്നപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് നാട്ടുകാരനും മരട് സി.ഐ.റ്റി.യു. യൂണിയന്‍ കണ്‍വീനറുമായ പ്രജീഷ് .എസ്സ വോക്ക് മലയാളത്തോട് പറഞ്ഞു.

ഇതിന്റെ പരിണിതഫലം അനുഭവിക്കുന്നത് ഉളളത് വിറ്റുപെറുക്കി ഫ്‌ളാറ്റ് വാങ്ങിയവരാണ്. പെന്‍ഷന്‍ പറ്റിയ ആളുകളാണ് ഇവിടെ താമസിക്കുന്നത്.

 

“നമ്മള്‍ മനുഷ്യരാണ്, പൊട്ടന്മാര്‍ അല്ല കൈക്കൂലി മേടിച്ചിട്ടുണ്ട്. ഈ നിയമം നിലവില്‍ നില്‍ക്കെ ഈ സാധനം ഇത്രയും പണിയണമെങ്കില്‍ കൈക്കൂലി കൊടുക്കാതെ യാതൊന്നും നടക്കുകയില്ല. സാധാരണക്കാരന്‍ ഒരു വീട് വെക്കുകയാണെങ്കില്‍ നമ്പര്‍ കിട്ടിയില്ല. അധികാരങ്ങളില്‍ ഇരിക്കുന്നവര്‍ പേപ്പര്‍ വര്‍ക്ക് ചെയ്യുന്നവരും ചെയ്ത പണിയാണിത്. ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് കാശു കൊടുത്ത് ഫ്‌ളാറ്റ് മേടിച്ച ജനങ്ങളാണ്,” പ്രജീഷ് ആരോപിച്ചു.

ഫ്‌ളാറ്റ് പണിയാന്‍ അനുമതി നല്‍കിയ സമയത്ത് തീരദേശപരിപാലന നിയമപ്രകാരം സോണ്‍ മൂന്നില്‍ വരുന്ന പ്രദേശമായിരുന്ന മരട്. പിന്നീട് സോണ്‍ 2 ല്‍ വന്നുവെങ്കിലും നിലവിലെ നിയമത്തിന്റെ ആനുകൂല്യം ഇവര്‍ക്ക് ലഭിക്കില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകൻ സി.ആര്‍. നീലകണ്ഠന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

മരടിനെ തീരദേശപരിപാലന നിയമപ്രകാരം സോണ്‍ 2 ല്‍ ആണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു കളഞ്ഞാലും വീണ്ടും അതേ സ്ഥലത്ത് സ്ഥാപിക്കാനാകും. അതുകൊണ്ട് ഇതിനെ നിലനിര്‍ത്തിക്കൂടെ എന്ന ചോദ്യമാണ് ഫ്‌ളാറ്റ് നിവാസികള്‍ ആരായുന്നത്.

Leave a Reply

Your email address will not be published. Required fields are marked *