പ്രമുഖ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്ക് കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ച വിവാദത്തില്‍ വന്‍തുക പിഴയൊടുക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന് 500 കോടി ഡോളര്‍ (34,200 കോടി രൂപ) പിഴയീടാക്കാൻ യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്.ടി.സി.) അനുമതി നല്‍കിയതായി പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടന്‍ ആസ്ഥാനമായ ഡേറ്റ അനലൈസിങ് സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് നടപടി. കേസില്‍ ഫെയ്സ്ബുക്കിനെതിരേ 2018 മാര്‍ച്ചില്‍ എഫ്.ടി.സി. അന്വേഷണമാരംഭിച്ചിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ മൂന്നാംകക്ഷികളുമായി പങ്കുവെക്കുന്നത് ഉപയോക്താക്കളുടെ സമ്മതപ്രകാരം മാത്രമായിരിക്കണമെന്ന 2011-ലെ കരാര്‍ ഫെയ്സ്ബുക്ക് ലംഘിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും അന്വേഷണവിധേയമാക്കിയത്. ഫെയ്സ്ബുക്കിന് പിഴയേര്‍പ്പെടുത്താനുള്ള തീരുമാനം രണ്ടിനെതിരേ മൂന്ന് വോട്ടുകള്‍ക്കാണ് എഫ്.ടി.സി. അംഗീകരിച്ചത്. നീതിന്യായ മന്ത്രാലയത്തിന്റെ സിവില്‍വിഭാഗംകൂടി അംഗീകരിച്ചാല്‍ ശിക്ഷ നടപ്പാകും. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഫെയ്സ്ബുക്കിന് ലഭിക്കുന്ന ഏറ്റവും വലിയ പിഴശിക്ഷയാകുമിത്.
അതേസമയം, വാര്‍ത്തയോട് ഫെയ്സ്ബുക്കോ എഫ്.ടി.സി.യോ പ്രതികരിച്ചിട്ടില്ല. ഒക്ടോബറില്‍ ബ്രിട്ടന്‍ ഫെയ്സ്ബുക്കിന് 4.72 കോടി രൂപ പിഴ വിധിച്ചിരുന്നു.
87 മില്യൺ ആളുകളുടെ സ്വകാര്യ വിവരങ്ങളാണ് അവരുടെ അനുമതി കൂടാതെ ഫേസ്ബുക് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറിയത്. ഏറ്റവും കൂടുതല്‍ പേരുടെ വ്യക്തിവിവരങ്ങള്‍ നഷ്ടമായത് അമേരിക്കിയിലാണ്. 5.64 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴിയാണ് ഡേറ്റാ ചോര്‍ച്ച നടന്നത്.
.