തൊടുപുഴ :
നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നു ശിവരാമൻ ആഭ്യന്തരവകുപ്പിനെ വിമർശിച്ചു.
“വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കായില്ല. ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ എസ്.പി ക്കു സ്ഥാനക്കയറ്റം നൽകി. മുൻ എസ്.പി യെ ഉപയോഗിച്ച് ചിലർ സി.പി.ഐയെ ഒതുക്കാൻ നോക്കി”. തുടങ്ങിയ ആരോപണങ്ങളായിരുന്നു മുഖ്യമന്ത്രിക്കെതിരെ ശിവരാമൻ ഉന്നയിച്ചത്. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിലെ രണ്ടാം കക്ഷിയായ സിപിഐ തന്നെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പോലീസിനെതിരേ തിരിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. കസ്റ്റഡി മരണക്കേസിൽ ഇടുക്കി മുൻ എസ്.പി വേണുഗോപാലിനെ പ്രതിപ്പട്ടികയിൽ ചേർത്ത് അറസ്റ്റ് ചെയ്യണമെന്നാണ് സി.പി.ഐ യുടെ പ്രധാന ആവശ്യം.
സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു മുൻ എസ്.പി വേണുഗോപാൽ. കസ്റ്റഡി മരണം നടന്നതിന് ശേഷവും എസ്.പി യെ ന്യായീകരിച്ച് ജില്ലയിൽ നിന്നുള്ള മന്ത്രി എം.എം.മണി രംഗത്തെത്തിയതിനെതിരേയും സി.പി.ഐ നേരത്തെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.പി യെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധം.
ഇടുക്കി പോലീസ് മേധാവി എന്ന പദവിയിൽ നിന്നും എസ്.പി യെ മാറ്റിയപ്പോൾ പകരം ചുമതല നൽകില്ലെന്നായിരുന്നു അദ്യ റിപ്പോർട്ടുകൾ. എന്നാൽ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് എസ്.പിയെ സ്ഥലംമാറ്റി കേസിൽ നിന്നും രക്ഷപെടുത്തുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കേസിലെ പ്രധാന കണ്ണിയായ എസ്.പിക്ക് ചെറിയ ശിക്ഷയാണ് സ്ഥലംമാറ്റത്തിലൂടെ ലഭിച്ചതെന്നും സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വം കരുതുന്നു.
അതേസമയം, കസ്റ്റഡി മരണത്തിൽ ഒന്നാം പ്രതി നെടുങ്കണ്ടം മുൻ എസ്.ഐ കെ.എ.സാബുവിനെ ബുധനാഴ്ച വൈകിട്ട് 6 മണി വരെ ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ വിട്ടു കൊടുക്കാൻ പീരുമേട് കോടതി ഉത്തരവിട്ടു. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കുമാർ സമാനതകളില്ലാത്ത പീഡനമാണ് ഏറ്റുവാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ കണ്ടെത്തിയിരുന്നു.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയിൽ നിന്നു കാന്താരി മുളകും ചെറിയ അരകല്ലും ക്രൈംബ്രാഞ്ച് ഇന്നലെ കണ്ടെത്തി. കുമാറിനെ കിടത്തി മർദിച്ച കട്ടിലും ചൂരലും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.