മാരക്കാന:
12 വർഷം നീണ്ട കാത്തിരിപ്പിന് അറുതി വരുത്തി ബ്രസീൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരായി. മുൻപ് രണ്ടുവട്ടം കിരീടം ചൂടിയിട്ടുള്ള പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് കാനറികൾ സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിഞ്ഞത്.
എവർട്ടൻ (15), ഗബ്രിയേൽ ജീസസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44ാം മിനിറ്റിൽ പെറുവിന്റെ ഗോൾ. ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളും ഇതാണ്.
മത്സരത്തിന്റെ 15ാം മിനിറ്റിൽ തന്നെ ബ്രസീൽ മുന്നിലെത്തി. വലതുവിംഗിൽ നിന്ന് ഗബ്രിയേൽ ജീസസ് നൽകിയ ഉജ്ജ്വലമായൊരു ക്രോസ് എവർട്ടൻ അനായാസമായി വലയിൽ എത്തിച്ചു. എന്നാൽ, കളിയുടെ 44ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി പെറു താരം പൗളോ ഗ്വരേറോ മഞ്ഞപ്പടയുടെ വലക്കുള്ളിലേക്ക് അടിച്ചുകയറ്റിയതോടെ പെറു ബ്രസീലിന് ഒപ്പമെത്തി. പെറു മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ പന്ത് ബ്രസീൽ താരം തിയാഗോ സിൽവയുടെ കയ്യിൽ കൊണ്ടതിന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത പെറു നായകൻ പൗലോ ഗ്യുറെയ്‌റോയ്ക്ക് പിഴച്ചില്ല. സ്കോർ 1–1.
ഉണർന്ന് കളിച്ച ബ്രസീൽ ആധ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ മുന്നിലെത്തി. പന്തുമായി കുതിച്ചുപാഞ്ഞ ആർതർ ബോക്സിനു തൊട്ടുമുൻപിൽ വച്ച് നൽകിയ പന്ത് ഗബ്രിയേൽ ജീസസ് വലയിലെത്തിച്ച് ബ്രസീലിനു വീണ്ടും ലീഡ് നൽകി. 70ാം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി ജീസസ് പുറത്തായതോടെ ബ്രസീൽ കൂടുതൽ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു. ഒടുവിൽ, കളിയുടെ അവസാന നിമിഷങ്ങളിൽ കിട്ടിയ പെനാൽട്ടി ബ്രസീലിനെ രക്ഷിച്ചു. 90ാം മിനുട്ടിൽ റിച്ചാർലിസണാണ് പെനാൽട്ടി വലയിൽ എത്തിച്ച് കാനറികൾക്ക് 3- 1ന്‍റെ അനിഷേധ്യവും ആധികാരികവുമായ ജയം സമ്മാനിച്ചത്.
പരിശീലകൻ ടിറ്റെയ്ക്കു കീഴിൽ അജയ്യരായി മുന്നേറുന്ന ബ്രസീലിന്റെ ഒൻപതാം കോപ്പ അമേരിക്ക കിരീടമാണിത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം ചൂടിയെന്ന റെക്കോർഡും ബ്രസീൽ കാത്തു.