Fri. Nov 22nd, 2024
പത്തനംതിട്ട:

അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മൂലം ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു എന്നതാണ് ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന്റെ സവിശേഷത. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും, തുടർന്നുള്ള സംഭവ വികാസങ്ങളും മൂലം ദേശീയ തലത്തിൽ തന്നെ എല്ലാവരും ഉറ്റു നോക്കുകയാണ് പത്തനംതിട്ടയിലെ ജനവിധി.

യു.ഡി.എഫിന്റെ ശക്തി കേന്ദ്രം ആയാണ് പത്തനംതിട്ട അറിയപ്പെടുന്നത്. എങ്കിലും ഇത്തവണ പ്രവചനാതീതമാണ് കാര്യങ്ങൾ.യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും. മാത്രമല്ല വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങളുടെ നിലപാടും മണ്ഡലത്തിൽ ഇക്കുറി നിർണ്ണായകമാകും.

മലയോര കാര്‍ഷിക മേഖലയും നിരവധിയായ ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട മണ്ഡലം. പത്തനതിട്ട ജില്ലയിലെ 80 ശതമാനത്തോളം ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയും, പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. കാഞ്ഞിരപ്പിള്ളി, പൂഞ്ഞാർ നിയമ സഭ മണ്ഡലങ്ങളിൽ കത്തോലിക്കരും, ബാക്കി അഞ്ചു നിയമസഭാമണ്ഡലങ്ങളിലും കത്തോലിക്കാരല്ലാത്ത പെന്തകോസ്ത, ഓർത്തഡോക്സ്, മാർത്തോമാ വിഭാഗങ്ങളും പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ ഹൈന്ദവ സമുദായ സംഘടനകള്‍ക്കും സ്വാധീന മേഖലകളുണ്ട്.

പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. അതിനാൽ തന്നെ പ്രളയം ഉണ്ടാകാൻ കാരണം സർക്കാരിന്റെ മോശം ഡാം മാനേജ്‌മെന്റാണെന്നും, പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിന് വന്ന വീഴ്ചകളുമാണ് യു.ഡി.എഫിന്റെ പ്രചാരണായുധങ്ങൾ. പ്രളയത്തിൽനിന്നു കരകയറാൻ സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങളും, ആന്റോ ആന്റണി എം.പി യുടെ കാലത്തെ വികസന മുരടിപ്പുമാണ് എൽ.ഡി.എഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ശബരിമല വിഷയം തങ്ങൾക്കു അനുകൂല തരംഗം ഉണ്ടാക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

2014 ലോക്സഭാ തിരഞ്ഞെടുപ്പ്:

മണ്ഡല രൂപീകരണത്തിനുശേഷം നടന്ന രണ്ടു ലോകസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യു.ഡി.എഫ് ആയിരുന്നു. കോണ്‍ഗ്രസിലെ ആന്റോ ആന്റണിയായിരുന്നു രണ്ടു തവണയും വിജയി. 2009 ല്‍ ആന്റോ ആന്റണി 40,82,32 വോട്ടുകളും, പ്രധാന എതിരാളി എല്‍.ഡി.എഫിലെ അനന്തഗോപന്‍ 297026 വോട്ടുകളും നേടി. ബി.ജെ.പിയിലെ ബി.രാധാകൃഷ്ണന്‍56294 വോട്ടുകള്‍ നേടി. ആന്റോ ആന്റണിക്ക് അന്ന് ഭൂരിപക്ഷം 1,11206 വോട്ടുകൾ.


2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിക്ക് ലഭിച്ചത് 358842 വോട്ടുകള്‍. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസായിരുന്നു ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. 302651 വോട്ടുകളാണ് പീലിപ്പോസ് നേടിയത്. ബി.ജെ.പിയിലെ എം.ടി രമേശ് 138954 വോട്ടുകള്‍ നേടി.അതായതു അഞ്ചു കൊല്ലം കൊണ്ട് ബി.ജെ.പി യുടെ വോട്ട് രണ്ടിരട്ടിയോളം മണ്ഡലത്തിൽ വർദ്ധിച്ചു. ആന്റോ ആന്റണിയുടെ ഭൂരിപക്ഷം നേർ പകുതിയായി ചുരുങ്ങുകയും ചെയ്തു. (56191 വോട്ടിന്റെ ഭൂരിപക്ഷം)

നിയമ സഭ മണ്ഡലങ്ങൾ :

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോക്സഭാ മണ്ഡലം. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതെത്തിയത് ആന്റോ ആന്റണി ആയിരുന്നു.

എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി അകെ മാറി.മണ്ഡലത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചത് എൽ.ഡി.എഫ് ആയിരുന്നു. പൂഞ്ഞാർ മണ്ഡലത്തിൽ ഒറ്റയ്ക്ക് സ്വതന്ത്രനായി മത്സരിച്ച പി. സി. ജോർജ്ജ് മുന്നണികളെ എല്ലാം മലർത്തിയടിച്ചു കേരള രാഷ്ട്രീയത്തിലെ അത്ഭുത വിജയം നേടുന്നതിനും പത്തനംതിട്ട മണ്ഡലം സാക്ഷിയായി. യു.ഡി.എഫ് നിയമസഭ തിരഞ്ഞെടുപ്പിൽ വെറും രണ്ടു സീറ്റിൽ ഒതുങ്ങി.


ആറന്മുള പരീക്ഷണം ആവർത്തിക്കാൻ എൽ.ഡി.എഫ്;

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ പ്രമുഖ കോൺഗ്രസ്സ് നേതാവായ ശിവദാസൻ നായർക്കെതിരെ മാധ്യമ പ്രവർത്തകയായ വീണ ജോർജ്ജിനെ മത്സരിപ്പിച്ചു ഇടതുമുന്നണി ഒരു രാഷ്ട്രീയ പരീക്ഷണം നടത്തിയിരുന്നു. മണ്ഡലത്തിലെ പ്രബല ക്രൈസ്തവ വിഭാഗമായ ഓർത്തഡോക്സ് സഭയുടെ പരസ്യമായ പിന്തുണ ഉണ്ടായിരുന്നതിനാൽ വീണ ജോർജ്ജ് അവിടെ ഒരു അട്ടിമറി വിജയം നേടി.

ആ ഒരു പരീക്ഷണം ലോക്സഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് ഇടതു മുന്നണി. വീണ ജോർജിനെ മത്സരിപ്പിക്കുമ്പോൾ സിറ്റിംഗ് എം.എൽ.എ എന്ന നിലയിലുള്ള സ്വാധീനം, മാധ്യമ പ്രവർത്തക എന്ന മുൻ‌തൂക്കം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് പൊതുവെയും ഓർത്ത‍ഡോക്സ് സഭയിൽ നിന്ന് പ്രത്യേകിച്ചുമുള്ള പിന്തുണ, ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇവയൊക്കെ ഇടതുമുന്നണി മനസ്സിൽ കാണുന്നുണ്ട്. നാലു നിയമസഭാ മണ്ഡലങ്ങളിലെ വിജയവും ഇടതുമുന്നണിക്ക് ഊർജ്ജം പകരുന്നു. ആന്റോ ആന്റണി തന്നെ മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ നിഷ്പക്ഷ വോട്ടർമാർ മാറി ചിന്തിക്കും എന്നും ഇടതു മുന്നണി കണക്കു കൂട്ടുന്നു. ശബരിമല വിഷയത്തിൽ പുരോഗമന ചിന്താഗതിക്കാരുടെ വോട്ടും ഇടതു ക്യാംപിനു പ്രതീക്ഷക്കു വക നൽകുന്നു.

എന്നാൽ യുവതീപ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതിയെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാരിന്റേയും, സി.പി.എമ്മിന്റെയും നിലപാട് ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടിയില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇനി അത് ബൂത്തില്‍ പ്രതിഫലിക്കുമോ എന്ന ശക്തമായ ആശങ്ക സി.പി.എമ്മിനുണ്ട്. സർക്കാരിന്റെ ശബരിമല നയം ജനങ്ങൾ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ ഉരകല്ല് കൂടിയാകും ഈ തിരഞ്ഞെടുപ്പ്. കൂടാതെ പ്രളയനാന്തരം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. പൂർണ്ണമായി തകര്‍ന്നുപോയ 640 വീടുകളില്‍ ഒന്നു പോലും സർക്കാർ പുനഃര്‍നിര്‍മ്മിച്ചു നല്‍കിയില്ല. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് മൂവായിരത്തോളം വീടുകളില്‍ ധനസഹായം ലഭിച്ചതുമില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പിഴവും, ഡാം തുറന്നു വിട്ടതിനെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടും ചര്‍ച്ചാ വിഷയമാകും. ഓർത്തഡോക്സ് സഭയ്ക്ക് കോടതി വിധി നടപ്പാക്കി കിട്ടാതിരുന്നതിനാൽ പഴയ സ്നേഹം ഇപ്പോൾ സർക്കാരിനോടും, വീണ ജോർജ്ജിനോട് ഇല്ലെന്നതും ഇടതുമുന്നണിയ്ക്കു തലവേദനയാണ്.

രണ്ടും കൽപ്പിച്ചു ബി.ജെ.പി:

തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി ഏറ്റവും പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിനാൽ തന്നെ സ്ഥാനാർഥി മോഹികൾ ബി.ജെ.പി യിൽ ധാരാളം ഉണ്ടായിരുന്നു. അതിനാൽ തന്നെ പതിവിനു വിപരീതമായി വളരെ വൈകിയാണ് സ്ഥാനാർത്ഥിയായി കെ. സുരേന്ദ്രൻ എത്തിയത്. ഒരവസരത്തിൽ നരേന്ദ്ര മോദി തന്നെ മത്സരിക്കാൻ എത്തുമോ എന്ന ആകാംക്ഷയും ഉണ്ടായിരുന്നു. ബി.ജെ.പിയുടെ തീപ്പൊരി നേതാവായ സുരേന്ദ്രൻ തന്നെ മത്സര രംഗത്തു ഇറങ്ങിയപ്പോൾ മത്സരത്തിന്റെ സ്വഭാവം തന്നെ മാറി ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ് പത്തനംതിട്ടയിൽ.കഴിഞ്ഞ തവണ ആറന്മുള വിമാനത്താവളം പ്രചാരണായുധമാക്കിയ ബിജെപിയുടെ മുഴുവൻ പ്രതീക്ഷയും ഇത്തവണ ശബരിമലയിലാണ്. ശബരിമല സമരം നയിച്ച് ഒരു മാസത്തോളം ജയിലിൽ കിടന്ന സുരേന്ദ്രനിൽ നിന്ന് ജയമല്ലാതെ മറ്റൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ശബരിമല തന്നെയാണ് ബി.ജെ.പി യുടെ മുഖ്യ പ്രചാരണ ആയുധം. പി.സി ജോർജ്ജിന്റെ വരവോടെ ക്രിസ്ത്യൻ സഭകളുടെ വിശ്വാസം ആർജ്ജിക്കാമെന്നും ബി.ജെ.പി കരുതുന്നുണ്ട്.

എന്നാൽ മണ്ഡലത്തിലെ ശക്തമായ ന്യൂനപക്ഷ സാന്നിധ്യം തന്നെയാണ് ബി.ജെ.പി യുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നത്. ക്രിസ്ത്യൻ സഭാ വിഭാഗങ്ങൾ ബി.ജെ.പി യെ എത്രമാത്രം പിന്തുണയ്ക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇരു മുന്നണികളും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ബി.ജെ.പി പ്രസിഡന്റ് ശ്രീധരൻ പിള്ള കണ്ണ് വെച്ച മണ്ഡലം ആയിരുന്നു മുരളീധരപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു ദേശീയ നേതൃത്വം ഇടപെട്ടു സുരേന്ദ്രന് കൊടുത്തത്. അതിനാൽ തന്നെ ബി.ജെ.പി യിലെ പടല പിണക്കവും സുരേന്ദ്രന്റെ പ്രകടനത്തെ ബാധിക്കും.നോട്ടു നിരോധനം, ജി.എസ്.ടി പോലുള്ള വിഷയങ്ങളിൽ നരേന്ദ്രമോദി സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും ബി.ജെ.പി യ്ക്ക് തിരിച്ചടിയാകും.

ഹാട്രിക് നേടാൻ ആന്റോ ആന്റണി :

മണ്ഡല രൂപീകരണത്തിനുശേഷം നടന്ന രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ആന്റോ ആന്റണിയെ തന്നെയാണ് കോൺഗ്രസ്സ് മൂന്നാം വട്ടവും പത്തനംതിട്ടയിലേക്ക് നിയോഗിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തെ വികസനം തന്നെയാണ് പ്രധാന പ്രചരണ ആയുധമാക്കി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയപാതയുടെ എക്‌സ്റ്റന്‍ഷന്‍, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, കൂടുതലായി കേന്ദ്രീയ വിദ്യാലയങ്ങള്‍, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുകള്‍ എന്നിവയാണ് യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന നിലപാടും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നു. കഴിഞ്ഞ തവണ പ്രതികൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും അരലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിക്കാൻ കഴിഞ്ഞത് പത്തനംതിട്ടയിൽ യു.ഡി.എഫിന് ഉറച്ച അടിത്തറ ഉള്ളതുകൊണ്ടാണെന്നു യു.ഡി.എഫ് നേതാക്കൾ പറയുന്നു.

പക്ഷെ പത്തനംതിട്ടക്കാരനല്ലാത്ത ആന്റോ ആന്റണിയെ മൂന്നാമതും മത്സരിപ്പിക്കുന്നതിനു കോൺഗ്രസ്സ് ജില്ലാ നേതൃത്വത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയാണ് ജിലാ നേതൃത്വം കെ.പി.സി.സി.ക്ക് സാധ്യതാ പട്ടിക സമർപ്പിച്ചത്. പക്ഷെ സംസ്ഥാന നേതാക്കൾ ഇടപെട്ടു വീണ്ടും ആന്റോയ്ക്കു ഒരവസരം കൂടി നൽകുകയായിരുന്നു. ഇത് വിജയ സാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ്സിനുണ്ട്. വികസന മുരടിപ്പാണ് ആന്റോ ആന്റണി നേരിടുന്ന പ്രധാന ആരോപണം. തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ പഴയ രീതിയില്‍ തന്നെ അവഗണിക്കപ്പെട്ടു. ലോകസഭയില്‍ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ കാര്യമായി ഉയര്‍ത്തിയില്ല. എം.പിയുടെ ഹാജര്‍ നില ദേശീയ ശരാശരിയേക്കാള്‍ കുറവ് (71%) തുടങ്ങിയ വിഷയങ്ങൾ ആന്റോ ആന്റണിക്ക് തിരഞ്ഞെടുപ്പ് ഗോദയിൽ വെല്ലുവിളി ഉയർത്തും എന്ന് ഉറപ്പാണ്. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വോട്ടു വർദ്ധന കോൺഗ്രസ്സ് വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തുന്നതും യു.ഡി.എഫ് ആശങ്കയോടെയാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *