ന്യൂഡല്‍ഹി:
രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഓരോ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് മുഖ്യ ലക്ഷ്യം എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇടതിനെതിരെ മത്സരിക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. ഈ വൈരുദ്ധ്യത്തിന് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും യെച്ചൂരി പറഞ്ഞു.
എന്നാല്‍, തമ്മില്‍ പോരടിക്കാനെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം കാണൂവെന്ന മോദിയുടെ വാദം യെച്ചൂരി തള്ളി. 2004ലെ പൊതു തിരഞ്ഞെടുപ്പിലേതിനു സമാനമായ പ്രചരണ രീതിയാണ് ബി.ജെ.പി ഉപയോഗിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വാജ്പേയ്ക്കെതിരെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് ഒരു നേതാവു പോലും ഇല്ലെന്നായിരുന്നു 2004ലും ബി.ജെ.പി പ്രധാന പ്രചരണ ആയുധം. ത്രിപുരയിലും, പശ്ചിമ ബംഗാളിലും, കേരളത്തിലും കോണ്‍ഗ്രസും ഇടതുപക്ഷവും മത്സരിക്കുന്നത് ചൂണ്ടിക്കാട്ടി, ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ഇന്ന് മോദിയും അതു തന്നെയാണ് പറയുന്നതെന്ന് യെച്ചൂരി പറഞ്ഞു.
അതെസമയം ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സാധ്യതകള്‍ തുറന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡി രംഗത്ത് വന്നു. കോണ്‍ഗ്രസിനോടോ കോണ്‍ഗ്രസ് നേതാക്കളോടോ തനിക്ക് വിദ്വേഷമോ എതിര്‍പ്പോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അവരോട് ക്ഷമിച്ചു വെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ടിഡിപിയുമായി ഇതിനോടകം സഖ്യസാധ്യതകള്‍ തുറന്ന കോണ്‍ഗ്രസ് ജഗന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. ജഗന് മോഹന്റെ പ്രധാന എതിരാളിയാണ് ടിഡിപി. അതേസമയം, ആന്ധ്രയുടെ പ്രത്യേക പദവി സംബന്ധിച്ച രാഹുലിന്റെ നിലപാടാണ് ജഗന്റെ മനംമാറ്റത്തിന് കാരണമെന്ന് കോണ്‍ഗ്രസിന്റെ ആന്ധ്ര ഘടകം വ്യക്തമാക്കി.