Sat. Apr 27th, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 12 നു തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബി.ജെ.പി റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് 5 നു കോഴിക്കോട്ടും രാത്രി 7 നു തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കും.

പതിനേഴാം ലോക്‌സഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നരേന്ദ്രമോദിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇടയിലെ പോരാട്ടം മുറുകുകയാണ്. ദേശീയത മാത്രം വോട്ടാകില്ലെന്ന ബോധ്യത്തില്‍ തന്ത്രം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ പ്രചാരണ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം.

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ ആവേശമാണ് ഉണ്ടായിരിക്കുന്നത്. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ കല്‍പറ്റ നഗരം ഇളകി മറിഞ്ഞു. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വയനാടന്‍ അരങ്ങേറ്റം ആഘോഷമാക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *