Thu. Apr 25th, 2024
ന്യൂഡല്‍ഹി:

മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധനം. എന്നാല്‍ കള്ളപ്പണക്കാരെ തകര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാലിപ്പോള്‍ നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തി വച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

നോട്ട് നിരോധനത്തിന് ശേഷം നികുതിദായകരുടെ എണ്ണം വര്‍ദ്ധിച്ചു എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനത്തോടെ 2016ല്‍ 88ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015-16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ല്‍ മാത്രമാണ് ഇതില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്. നോട്ട് നിരോധനം കാരണം സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ച മൂലം പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളുമുണ്ട്.

അതേസമയം, വാര്‍ത്തയെ കുറിച്ച്‌ പ്രതികരിക്കാന്‍ നികുതി വകുപ്പ് തയ്യാറായിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാറിന്റെ സുപ്രധാന പരിഷ്കാരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പ്രതികൂട്ടിലാക്കുന്ന പല റിപ്പോര്‍ട്ടുകളും നേരത്തെയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്ത് വരുന്നത്.

നോട്ടു നിരോധനത്തിന്റെ പരിണിതഫലമായി സേവന മേഖലയിലെ ലാഭത്തില്‍ 114.5ശതമാനം നഷ്ടമുണ്ടായതായതാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2017 അഗസ്റ്റ് 11ആം തിയ്യതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടായിരുന്നു പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *