ലഖ്നൗ:
ഇന്ത്യൻ സൈന്യത്തെ “മോദിജിയുടെ സേന” എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാസിയാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്.
“കോണ്‍ഗ്രസുകാർ ഭീകരർക്കു ബിരിയാണി വിളമ്പുമ്പോൾ, മോദിജിയുടെ സൈന്യം ഭീകരർക്കു ബുള്ളറ്റുകളും ബോംബുകളും നൽകിയെന്നും, മസൂദ് അസർ പോലുള്ള ഭീകരരെ കോണ്‍ഗ്രസ് ‘ജി’ എന്ന് അഭിസംബോധന ചെയ്തു ബഹുമാനിക്കുമ്പോൾ, മോദിയുടെ ബി.ജെ.പി. സർക്കാർ, ഭീകരരുടെ ക്യാമ്പുകൾ ആക്രമിച്ച് അവരുടെ നടുവൊടിച്ചെന്നും ആദിത്യനാഥ് പ്രസംഗിച്ചു.
എന്നാൽ പ്രതിപക്ഷ കക്ഷികൾ കടുത്ത പ്രതിഷേധമാണ് ഈ പ്രസ്താവനക്കെതിരെ നടത്തിയത്. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണിതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പറഞ്ഞു. ഇത്തരത്തിലൊരു പ്രസ്താവന ഇന്ത്യന്‍സേനയ്ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയിരിക്കുകയാണെന്ന് മമത കൂട്ടിച്ചേര്‍ത്തു. “ഇന്ത്യയുടെ സൈന്യം രാജ്യത്തിന്റെ അഭിമാനമാണ്, ഓരോരുത്തരുടേയും അവകാശമാണ്. രാജ്യത്തിന്റെ വിലപ്പെട്ട സ്വത്താണ്. ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരേ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കണം.” മമത പറഞ്ഞു.
എ.ഐ.സി.സി. മാധ്യമ വിഭാഗം കണ്‍വീനര്‍ പ്രിയങ്ക ചതുര്‍വേദിയും ആദിത്യനാഥിന്റെ പ്രസ്താവന സൈന്യത്തിന് അപമാനമാണെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യൻ സേന പ്രചാർ മന്ത്രിയുടെ സ്വകാര്യ സേനയല്ലെന്നു പ്രിയങ്ക പറഞ്ഞു. ആദിത്യനാഥിന്റെ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ള എ.എന്‍.ഐയുടെ ട്വീറ്റ് പ്രിയങ്ക റീട്വീറ്റ് ചെയ്യുകയും ചെയ്തു. ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷാരോപണം നിലവിലിരിക്കെയാണ് ആദിത്യനാഥിന്റെ പുതിയ പ്രസ്താവന.
“മോദിജിയുടെ സൈന്യം’ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോടാണ് പരാമർശത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു സൂചന. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകർ രംഗത്തെത്തിയിരുന്നു.