Fri. Mar 29th, 2024
ബ്യൂണസ് ഐറിസ്:

ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ എന്ന് പേരെടുത്ത അര്‍ജന്റീനിയൻ ഫുട്ബോള്‍ താരം ലയണൽ മെസ്സി ദൈവമല്ലെന്നും, അദ്ദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരു സ്‌പാനിഷ് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് മാർപ്പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മികച്ച താരമെന്ന് മെസ്സിയെ അഭിമുഖത്തിൽ പ്രശംസിച്ച ഫുട്ബോൾ ആരാധകൻ കൂടിയായ മാർപ്പാപ്പ, മെസ്സിയുടെ കളി കാണുന്നത് ശ്രേഷ്ഠമാണെന്നും അഭിപ്രായപ്പെട്ടു.

തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന മെസ്സി, 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ ഈ രണ്ട് പുരസ്കാരങ്ങളും മെസ്സി കരസ്ഥമാക്കുകയും ചെയ്തു. സച്ചിൻ ടെണ്ടുൽക്കറെ ക്രിക്കറ്റിന്റെ ദൈവം എന്ന് പറയാറുള്ളതുപോലെ, ലോകമെമ്പാടും ആരാധകരുള്ള മെസ്സിയെ ‘മിശിഹാ, ‘ദൈവം’ എന്നൊക്കെയാണ് മാധ്യമങ്ങളും ആരാധകരും വിളിച്ചുപോരുന്നത്.

അര്‍ജന്റീനക്കാരനും ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സാന്‍ ലോറെന്‍സോ ക്ലബിന്റെ ആരാധകനാണ്. സാന്‍ ലോറെന്‍സോ താരങ്ങളുമായും മറ്റനേകം ഫുട്ബോള്‍ താരങ്ങളുമായും മാര്‍പ്പാപ്പ മുന്‍പ് കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *