Thu. Jan 23rd, 2025
കൊല്ലം:

ജില്ലയിലെ ഏക വനിതാ കോളേജിനു വയസ്സ് 70. സപ്തതിയിലും യുവത്വത്തിന്റെ പ്രസരിപ്പുമായി പുതിയ കുതിപ്പിനു തയാറെടുക്കുകയാണ് കൊല്ലം എസ്എൻ വനിതാ കോളേജ്. 1951 സെപ്റ്റംബറിൽ ആണ് എസ്എൻ വനിതാ കോളേജ് സ്ഥാപിച്ചത്; നഗരത്തിലെ മൂന്നാമത്തെ കലാലയം.

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അടുത്ത വർഷമാണ് ആർ ശങ്കർ കൊല്ലത്ത് എസ്എൻ കോളേജ് സ്ഥാപിച്ചത്. ഇന്നത്തെ വനിതാ കോളേജിന്റെ പ്രധാന കെട്ടിടത്തിലാണ് 1948ൽ എസ്എൻ കോളേജ് തുടങ്ങിയത്.

എസ്എൻ കോളേജിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെയാണ്, പെൺകുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് 1951 സെപ്റ്റംബറിൽ ശ്രീനാരായണ വനിതാ കോളേജ് സ്ഥാപിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു സമീപം, നിലവിൽ എസ്എൻ ട്രസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആണ് വനിതാ കോളജ് തുടങ്ങിയത്. 1951 ജൂലൈയിൽ എസ്എൻഡിപി യോഗത്തിനു സർക്കാർ നൽകിയ 2 ഏക്കർ സ്ഥലത്തായിരുന്നു ഇത്.

1954ൽ എസ്എൻ കോളേജിനു പുതിയ കെട്ടിടം നിർമിച്ചു മാറിയപ്പോൾ, കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ എസ്എൻ പോളിടെക്നിക് ആരംഭിച്ചു. പിന്നീട് പോളിടെക്നിക് കൊട്ടിയത്തേക്കു മാറ്റിയാണ് വനിതാ കോളജ് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.

തുടക്കത്തിൽ ഇന്റർമീഡിയറ്റ്, അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ ആയിരുന്നു. തുടർന്നു ബിരുദ കോഴ്സുകൾ തുടങ്ങി. 1964ൽ ബിരുദാനന്തര കോഴ്സുകൾ ആരംഭിച്ചു. ഹോം സയൻസിൽ എംഎസ്‌സി കോഴ്സ് ആണ് തുടക്കം.

തുടർന്നു ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് ബിരുദാനന്തര കോഴ്സുകൾ ആരംഭിച്ചു. 2008ൽ കെമിസ്ട്രി വിഭാഗത്തിൽ ഗവേഷണത്തിന് അനുമതി ലഭിച്ചു. നിലവിൽ 15 ബിരുദ കോഴ്സുകളും ‌ 5 ബിരുദാനന്തര കോഴ്സും കെമിസ്ട്രി, ഫിസിക്സ് ഗവേഷണ വിഭാഗവുമുണ്ട്.

ആകെ 2458 വിദ്യാർഥിനികൾ. സപ്തതി വർഷത്തിൽ പുതിയ കുതിപ്പിനുള്ള തയാറെടുപ്പിലാണ് കോളേജ്. നിലവിലുള്ള 5 ഏക്കർ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയുള്ള നിർമാണങ്ങൾ ഉടൻ തുടങ്ങും.