Thu. Apr 25th, 2024
കൽപ്പറ്റ:

വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുമായി ‘മണിമുറ്റം’ എന്ന പേരിൽ തനത് പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്. സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങളും ദൃശ്യഭംഗിയും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോംസ്റ്റേകളും സർവീസ് വില്ലകളും മറ്റും സൗന്ദര്യവത്ക്കരിക്കുകയും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്നതിനോടൊപ്പം പച്ചപ്പുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേരള ഹോംസ്റ്റേ ആൻഡ്‌ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘മണിമുറ്റം’ പദ്ധതിയുടെ ഉദ്ഘാടന പ്രഖ്യാപനം ജില്ലാ വികസന കമീഷണർ ജി പ്രിയങ്ക നിർവഹിച്ചു.

പൊഴുതന പ്രണവം റിസോർട്ടിൽ നടന്ന ചടങ്ങ് കേരള ഹോംസ്റ്റേ ആൻഡ്‌ ടൂറിസം സൊസൈറ്റി- ഹാറ്റ്‌സ് ജില്ലാ പ്രസിഡന്റ് അജയ് ഉമ്മൻ അധ്യക്ഷനായി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി, വൈസ് പ്രസിഡന്റ് കെ വി ബാബു, സ്ഥിരംസമിതി അധ്യക്ഷ ഷാഹിന ഷംസുദ്ദീൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ഡിടിപിസി സെക്രട്ടറി വി മുഹമ്മദ് സലീം, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ സിജോ മാനുവൽ, ഹാറ്റ്‌സ് വയനാട് സെക്രട്ടറി വിനോദ് രവീന്ദ്രൻ, ട്രഷറർ കെ വി ബ്രിജേഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ആദ്യത്തെ അക്രഡിറ്റഡ്ഹോംസ്റ്റേ ഉടമയായ കെ രവീന്ദ്രനെ (പ്രണവം) ചടങ്ങിൽ ആദരിച്ചു.