Mon. Nov 25th, 2024

കൊച്ചി:

കേരളത്തെയാകെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പിന്‍റെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോൻസൻ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് യഥാർത്ഥ ആനക്കൊമ്പല്ലെന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു.

മോൻസണെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്ത് കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് വൈകിട്ട് നാലരയോടെ മോൻസനെ കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

അതേസമയം ക്രൈംബ്രാഞ്ചും വനം വകുപ്പും മോട്ടോർ വാഹന വകുപ്പും ഇന്നലെ സംയുക്തമായി മോൻസന്‍റെ കൊച്ചിയിലെ വാടക വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇയാളുടെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത് യഥാർത്ഥ ആനക്കൊമ്പല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഒട്ടകത്തിന്റെ അസ്ഥികൊണ്ട് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

വ്യക്തതക്കായി ഇത് വിദഗ്ധപരിശോധനയ്ക്കയക്കും. ഇയാളുടെ വാഹനങ്ങളുടെ വിശദാംശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് തേടിയത്. തട്ടിപ്പിന്‍റെ കൂടുതൽ രേഖകൾ തേടി കലൂരിലെ വീട്ടിലും ചേർത്തലയിലെ വീട്ടിലും ഒരേ സമയമായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന.

ഇതിനിടെ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്. കെ സുധാകരനെ നിരവധി തവണ മോൻസന്‍റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ താൻ  പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ലെന്നുമാണ് പരാതിക്കാരനായ രാജീവ് പറയുന്നത്. കെ സുധാകരനെ മാത്രമല്ല മറ്റ് രാഷ്ടീയ പാർട്ടി  നേതാക്കളേയും മോൻസന്‍റെ വീട്ടിൽ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരൻ രാജീവ് അറിയിച്ചു.

മോൻസന്റെ വീട്ടിൽ വെച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല. ‘ഞാൻ 1.68 കോടി രൂപ കൊടുത്തിട്ടുണ്ട്. എന്റെയൊരു സുഹൃത്താണ്, ഫണ്ട് ക്ലിയർ ചെയ്യാനുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോഴാണ് പണം നൽകിയത്. പണം തിരികെ തരാതെ ഒരു വർഷം കഴിഞ്ഞു. അതിനാലാണ് പരാതിയുമായി പോയത്.

കെ സുധാകരനെ മോൻസന്റെ വീട്ടിൽ ഒന്ന്-രണ്ട് തവണ കണ്ടിരുന്നു. ബന്ധങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചത് കൊണ്ടുമാണ് പണം നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളെ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു.അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നും രാജീവ് പറഞ്ഞു.

അതേസമയം, മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപ്പങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ്. വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.