Mon. Dec 23rd, 2024

കൊച്ചി:

കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ്. ആദ്യം അറസ്റ്റിലായ പ്രതികൾക്ക് ഇവർ സാമ്പത്തിക സഹായം ചെയ്‌തെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. കഴിഞ്ഞയാഴ്ച്ച ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. പെരുമ്പാവൂർ സ്വദേശി അൻഫാസ് സിദ്ദീഖാണ് അറസ്റ്റിലായത്.

കേസിൽ ഒൻപത് പ്രതികളാണ് ഉള്ളത്. നേരത്തെ പിടിയിലായ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തയാളാണ് പിടിയിലായ അൻഫാസ് സിദ്ദീഖ്. ഇതിനിടെ കാക്കനാട് ലഹരിക്കടത്ത് കേസിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു.

പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാൻ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. അതേസമയം ലഹരിമരുന്ന് കേസിലെ അട്ടിമറി ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യ ഘട്ട അന്വേഷണ വീഴ്ചയിൽ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറിനെ സസ്പെൻഡ് ചെയ്തരുന്നു.

സി ഐ ഉൾപ്പെടെ നാല് പേരെ സ്ഥലവും മാറ്റി . നാലു ഉദ്യോഗസ്ഥരെയും എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയട്ടുള്ളത്. എക്സൈസ് കമ്മീഷണറുടെതാണ് നടപടി.

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും എക്സൈസ് കമ്മീഷണറുടെ ശുപാർശയുണ്ട്. രണ്ടു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ രണ്ട് എഫ്ഐആർ ഇട്ടതും പ്രതികളെ രണ്ടാമത്തെ കേസിൽ നിന്ന് ഒഴിവാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തതും വിവാദമായിരുന്നു.

പ്രതികളിൽനിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ ചേർക്കാത്തതും നടപടികളിലെ വീഴ്ചയായി വിലയിരുത്തിയിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി നേരിട്ട് ഉത്തരവിട്ടത്. എക്സൈസ് അഡീഷണൽ കമ്മിഷണർ അബ്ദുൽ റാഷിയാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.