Tue. Apr 16th, 2024

തൃശൂർ ∙

ഒളിംപ്യൻ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്‌ഷൻ സ്കീം യോഗത്തിൽ തീരുമാനം. സുഹൃത്തിനെ പീഡിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു വാർത്താസമ്മേളനം നടത്തിയതിനെ തുടർന്ന് ആരോപണ വിധേയരിൽ നിന്നു ഭീഷണിക്കത്തു ലഭിച്ച സാഹചര്യത്തിലാണു നടപടി.

മയൂഖ താമസിക്കുന്ന വീടിനടുത്ത് ബീറ്റ് ബുക്ക് സ്ഥാപിക്കുന്നതിനും ദിവസവും സ്ഥലം സന്ദർശിച്ചു സുരക്ഷ ഉറപ്പാക്കാനും ബുക്കിൽ ഒപ്പു വയ്ക്കാനും ആളൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിനും നിർദേശമുണ്ട്. സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്കു പോകേണ്ടിവന്നാൽ ആവശ്യമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു.

ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് ആയിരിക്കും സംരക്ഷണത്തിന്റെ പൊതുവായ ചുമതല. ഭീഷണിക്കത്ത് അയച്ച വ്യക്തിക്കെതിരെ ആളൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം ഗൗരവതരമായ കേസുകളിലെ സാക്ഷികൾക്കു സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്‌ഷൻ സ്കീം പ്രകാരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

സംരക്ഷണം തേടി മയൂഖ ജോണി പരാതി നൽകിയിരുന്നു. വിറ്റ്നസ് പ്രൊട്ടക്‌ഷൻ കമ്മിറ്റി ജില്ലാ ചെയർമാനും തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജ‍ഡ്ജിയുമായ പിജെ വിൻസന്റിന്റെ അധ്യക്ഷതയിൽ മയൂഖയുടെ മൊഴി രേഖപ്പെടുത്തി.

മെംബർ സെക്രട്ടറിയും പബ്ലിക് പ്രോസിക്യൂട്ടറുമായ കെഡി ബാബു, സിറ്റി പൊലീസ് കമ്മിഷണർ ആർ ആദിത്യ, റൂറൽ എസ്പി ജി പൂങ്കുഴലി എന്നിവരും പങ്കെടുത്തു.